ഒരിക്കല്‍ കൂടി...

നമ്മുടെ ഇടയില്‍ ഉള്ള എല്ലാ മലയാളം ബ്ലോഗേഴ്സിനും അവരുടെ തിരഞ്ഞെടുത്ത ബ്ലോഗ്‌ പോസ്റ്റുകള്‍ പോസ്റ്റ്‌ ചെയ്യാന്‍ ഒരിടം.

KVARTHA: MALAYALAM NEWS | NEWS PAPER LIVE | KERALA | ENTERTAINMENT

കുടുംബ സ്നേഹി ....

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Sunday, March 31, 2013 | 1:17 PM


കുടുംബ സ്നേഹി  



 സമയത്തുള്ള മൊബൈല്‍ റിങ്ങ്ടോണ്‍ അയാളെ വല്ലാതെ അലോസരപ്പെടുത്തി. ഒലിച്ചിറങ്ങിയ വിയര്‍പ്പ് കണങ്ങള്‍ മുഖത്ത് നിന്നും തുടച്ച്കൊണ്ടയാള്‍ ഫോണ്‍ എടുത്ത് ദേഷ്യത്തോടെ എന്തോ പറഞ്ഞ് മൊബൈല്‍ ബെഡിന്‍റെ സൈഡിലേക്കെറിഞ്ഞു.!
തെന്നിമാറിപ്പോയ പുതപ്പ് മുകളിലേക്ക് വലിച്ച് കയറ്റി അയാളുടെ വിരിഞ്ഞ മാറില്‍ മുഖം ചാര്‍ത്തി അവള്‍ ചോദിച്ചു….
“ആരാ.?”
“വീട്ടീന്ന് ഭാര്യായാ”
“എന്താ..?”
“മോന് സുഖമില്ലെന്ന് ഡോകടറെ കാണിക്കാന്‍”
“എന്നിട്ട്..?”
‘ഹോ..എന്‍റെ കയ്യില്‍ കാശില്ലെന്നേ”
ആശ്ചര്യത്തോടെയും അതിലേറെ സംശയത്തോടെയും അയാളില്‍ നിന്നും അല്‍പ്പം മാറിക്കിടന്നവള്‍ ചോദിച്ചു…
“അപ്പോള്‍…?”
പുഞ്ചിരിയോടെ അവളിലേക്ക് കൂടുതല്‍ ചേര്‍ന്ന് കിടന്ന് കൊണ്ടയാള്‍ പറഞ്ഞു..
“പേടിക്കേണ്ട നിനക്കുള്ള നെക്ലസ് ഞാന്‍ വാങ്ങിച്ചിട്ടുണ്ട്..”

          *********************************************************************

മൊഞ്ച്

                    ബസ്റ്റാന്‍റില്‍ നില്‍ക്കുന്ന സ്ത്രീയെ തന്നെ നോക്കിനില്‍ക്കുന്ന  മൊയ്തുമൊല്ലാക്കയോട് അന്‍വര്‍ ചോദിച്ചു.
  “മൊല്ലാക്കാ,, അന്യപെണ്ണുങ്ങളെ നോക്കല്‍ ഹറാമാണെന്നല്ലെ നിങ്ങള്  മദ്രസീല് ഞങ്ങളെ പഠിപ്പിച്ചത് എന്നിട്ട് നിങ്ങളന്നെ എന്താ  അന്യപെണ്ണുങ്ങളെ  മൊഞ്ച് നോക്കി നില്‍ക്ക്ണത് ?
                                 അന്‍വറിന്‍റെ ചോദ്യം കേട്ട് മൊല്ലാക്ക ഒന്നു ചമ്മിയെങ്കിലും .  ചമ്മല്‍ പുറത്ത് കാണിക്കതെ ഉടന്‍ ഉത്തരം കൊടുത്തു ..
           “പെണ്ണിന്‍റെ മൊഞ്ചല്ല അന്‍വറെ, ഇത്ര മൊഞ്ചില് ആ പെണ്ണിനെ പടച്ച പടച്ചോന്‍റെ മൊഞ്ച് എന്തായിരിക്കും എന്നാ ഞമ്മള്  നോക്കുണത് .


എഴുതിയത് ...
ഹംസ  പെരിന്തല്‍മണ്ണ 

Hamzact. Perintalmanna

ബ്ലോഗ്‌ ...http://hasufa.blogspot.com/2010/02/blog-post.html


1:17 PM | 3 comments | Read More

പള്ളിമുക്കിലെ കല്ല്യാണം മുടക്കികള്‍ ...

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Tuesday, January 15, 2013 | 8:13 PM


ആദ്യമായി ശ്വാസമെടുത്ത എന്റെ പള്ളിമുക്കിലേക്ക്  ഒരു ഗള്‍ഫുകാരനായി നാല് കൊല്ലത്തിനു ശേഷം ഞാനും എത്തി.  ഒരു പാട് കാലത്തെ ആഗ്രഹമായിരുന്നു  ഗള്‍ഫുകാരനായി കട്ടി ചെരിപ്പും സ്വര്‍ണ്ണ കളറു റാഡോ വാച്ചുമായി പള്ളിമുക്കില്‍  കുറച്ചാള്‍ക്കാരെ മുമ്പിലൂടെ ഒന്ന് വിലസുക. കൈയ്യില്‍ കായില്ലാത്ത കാരണം സ്വര്‍ണ്ണ കളറു റാഡോ വാച്ച്   ഒപ്പിക്കാനായില്ലെങ്കിലും   കൊട്ടിയോള് സൂറാബിന്റെ കൂടി പൂതി കാരണം ഒരു റെന്റ്-എ-കാര്‍ തരാക്കി.  

നിസ്ക്കാര തയമ്പുള്ള ആള്‍ക്കാര്‍ കുറവാണെങ്കിലും പള്ളിമുക്കിലെ മുക്കിലും മൂലയിലും ആറു പള്ളികള്‍. സുന്നികള്‍ക്കും,  മുജാഹിദീങ്ങള്‍ക്കും രണ്ടെണ്ണം വീതം,  ജമായത്തിനും, ആളില്ലെങ്കിലും  ചേകനൂര്‍ വിഭാഗത്തിനും ഓരോന്നു വീതം.  ഓരോ പള്ളിയുടെയും  തലപ്പത്ത് ഓരോ ഹാജിമാര്‍. അയമോക്കാന്റെ ചായ മക്കാനിയും, പള്ളിമുക്കിലെ പ്രധാന പയ്യന്‍സ്സായ പള്ളിക്കലെ ഹാജിമാരും നാട്ടില്‍  ഫയിമസാണ്. ഹജ്ജ് ചെയ്തവര്‍  കൊട്ടകണക്കിനുണ്ടെങ്കിലും പേരിനൊപ്പം ഹാജിയാര്‍ പട്ടം കിട്ടിയവര്‍ പള്ളിക്കലെ പ്രധാന പയ്യന്‍സിനു മാത്രം.
കാറും ഡ്രൈവ് ചെയ്തു ഞാന്‍ അയമോക്കാന്റെ മക്കാനിയില്‍ എത്തി. ആരു ഗള്‍ഫുന്നു വന്നാലും ആദ്യം  അയമോക്കാന്റെ മക്കാനിയില്‍ എത്തും. അത് പള്ളിമുക്കിലെ പതിവാണ്.
"അയമോക്ക, അസ്സലാമു അലൈക്കും,  ഒരു ചായ പോന്നോട്ടെ , ങ്ങളെ പെയിന്റും  നാവും ഇപ്പൊ വേണ്ട, പിന്നെ മതിട്ടോ. നേരല്ല, സൂറാബിനെയും കൊണ്ട് പട്ടിക്കാട്ടുക്ക് പോണം. ഓള് ഒരിങ്ങിക്കാ..." 
(കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.) 

 "ജ്ജ് പ്പോ ഗള്‍ഫ്ന്നു എന്നാ എത്തെയ്തു? ഞാനിതുവരെ അറിഞ്ഞിട്ടില്ല, അനക്കുപ്പോ അയമൂനെ പിടിച്ചൂല, ബല്ല്യ ആളയില്ലേ, പചെങ്കി അയമൂന്റെ ബുദ്ധ്യാ അന്റെ ഗള്‍ഫ്, അത് മറക്കണ്ടാ"

അയമോക്കാന്റെ തോണ്ടലു എന്തിനാ എന്ന് മനസ്സില്ലാക്കി, സൂറാബിന്റെ മോന്തായം കൂര്‍ത്താലും കുറച്ചു നേരം  അയമോക്കാന്റെ കത്തിക്ക് തല വെച്ച് കൊടുക്കാനുറപ്പിച്ചു.  ഞാന്‍ പെയിന്റ് കൂടി ഓര്‍ഡര്‍  ചെയ്തു   ഓരോന്ന് ആലോചിച്ചിരുന്നു.   

 നാലഞ്ചു കൊല്ലങ്ങള്‍ക്ക് മുമ്പ്  ‌ നാട്ടില്‍ നടന്ന കോലാഹലങ്ങള്‍. ഉറച്ചതും ഉറപ്പിച്ചതുമായ കല്ല്യാണങ്ങള്‍  എല്ലാം മുടങ്ങും, അല്ലെങ്കില്‍ ആരെങ്കിലും മുടക്കും. അയമോക്കാന്റെ  ഭാഷയില്‍ പറഞ്ഞാല്‍ നെയ്യും ബസളയുമുള്ള  പോത്ത് ബിരിയാണി ഓസിനു  കടിഞ്ഞു കയറ്റിയ കാലം മറന്നു. പള്ളിമുക്കിലെ ചെക്കന്മാരും ചെക്കികളും പുര നിറഞ്ഞു നിന്നു. പെണ്ണ് കെട്ടാത്ത ഞങ്ങള്‍ക്കെല്ലാം ബേജാറു മൂത്തു. ബ്രോക്കര്‍  കുഞ്ഞാപ്പൂന്റെ ബലൂണ്‍ പോലെ പുറത്തേക്കു വീര്‍ത്ത പള്ള കാറ്റ് പോയ ബലൂണ്‍  മാതിരി അകത്തേക്ക് തന്നെ തള്ളി.


 കാലം കുറച്ചു കഴിഞ്ഞു. എന്റെ കൂട്ടുകാരനായ സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം പടച്ചോന്റെ കുതറത്തോണ്ട് ഉറച്ചു. സല്‍പ്പേര് ബാപ്പുട്ടി, പള്ളിമുക്കിലെ ഏറ്റവും നല്ല ഒസ്സാന്‍ ചെക്കന്‍. ഓന്റെ അടുത്തു മുടി വെട്ടാന്‍ പോയാല്‍ മുടി മാത്രേ ഓന്‍ വെട്ടൂ. നാട്ടിലെ ബാക്കി ഒസ്സാന്മാരെ മാതിരി  ഉച്ചപടത്തിന്റെ  കമന്ററി  പോലെ എരിവും പുളിയുള്ള വര്‍ത്താനം കിട്ടൂല. അതിനു വേറെ  ഒസ്സാന്മാരെ നോക്കണം.  എന്‍റെ ക്ലാസ്സ്‌മേറ്റ് ആണെങ്കിലും  ബാപ്പുട്ടി ഡീസെന്റാണ്.  അഞ്ചു നേരം നിസ്ക്കാരോം പള്ളിയില്‍, തുണി മുട്ടിനും നെരിയാണിക്കും ഇടയില്‍. പള്ളിമുക്കിലെ ഏതു കുട്ടി ജനിച്ചാലും  ചെവിയില്‍ ആദ്യമായി ഓതുന്ന മന്ത്രമാണ് ബാപ്പുട്ടിനെ കണ്ടു  പഠിക്കാന്നുള്ളത്. ബാപ്പുട്ടിനെ കണ്ട് പഠിച്ചിന്‍, ബാപ്പുട്ടിനെ കണ്ടു പഠിച്ചിന്‍ എന്ന് കേട്ടു എന്റെക്കെ ചെവിക്കു തയമ്പ് പിടിച്ചിട്ടുണ്ട്. 

അങ്ങെനെയുള്ള സല്‍പ്പേര് ബാപ്പുട്ടിന്റെ നിക്കാഹു കഴിഞ്ഞു. ഈ കല്ല്യാണമെങ്കിലും എങ്ങനെയെങ്കിലും നടന്നാല്‍ മതിയായിരുന്നു. തലേ ദിവസം ഞങ്ങളെല്ലാം സജീവമായി. കല്ല്യാണത്തിനു അന്ന് മൈക്ക് സെറ്റ് പതിവാണ്.  കണ്ണിനു ചന്തം തരുന്ന പെണ്‍കുട്ട്യാളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഏതു ചെക്കനും ഒന്നു പാടിനോക്കും.  കഴുത രാഗമായാലും 'എന്റെയൊക്കെ ബ്ലോഗിന്  കമന്‍റിണ പോലെ'  പരസ്പരം നന്നായിന്നു പറഞ്ഞു പുളിമെ കയറ്റി  പൊക്കും.  

മൈക്ക സെറ്റ് കൊണ്ടുവരാന്‍ അങ്ങാടിയില്‍ ജീപ്പെടുത്തു   പോയി, മടങ്ങും വഴി ഞാന്‍  അയമോക്കാന്റെ  മക്കാനിയില്‍ കാലി അടിക്കാന്‍ വേണ്ടി ഒന്നു കയറി. കറ പിടിച്ച സമാവറിന്റെ ഉള്ളില്‍ തിരികിയ രണ്ടു മാസം പഴക്കമുള്ള ചായപൊടി സഞ്ചിയിലെ ചായയും അയമോക്കാന്റെ  നാക്കും സഹിച്ചോണ്ടിരിക്കുന്നതിനിടയില്‍ ബാപ്പുട്ടി മക്കാനിയില്‍ വന്നു. 

അയമോക്ക ബാപ്പുട്ടിക്കു കൂടി ഒരു കാലി എടുത്തു. 

"കല്ല്യാണം ആയിട്ട് അനക്കൊരു ചൂടും ച്ചുക്കാന്തിം ഇല്ലല്ലോ, അന്റെ മോന്തക്കെന്താ കടന്നാല്‍ കുത്ത്യോ   ബാപ്പുട്ടീ"

 അയമോക്കാന്റെ  ചോദ്യത്തിനു ബാപ്പുട്ടിന്റെ മറുപടി കണ്ണീരായിരുന്നു. ഞാന്‍ പടച്ചോനെയും അയമോക്ക ബദിരീങ്ങളെയും  ഒപ്പം വിളിച്ചു. ബാപ്പുട്ടിന്റെ കല്ല്യാണോം മുടങ്ങി. പള്ളിമുക്കിലെ ചെറുപ്പക്കാരായ ഞങ്ങള്‍  അണ്ടി പോയ അണ്ണാനെ പോലെ നിരാശരായി. പെണ്ണ് കെട്ടാനുള്ള പൂതിയൊക്കെ പതുക്കെ, പതുക്കെ  ഊതി കെടുത്തി.
പണിയൊന്നുമില്ലാതെ  തെക്കും വടക്കും നോക്കി 'തേരാ പാരാ' നടക്കുന്നതിനിടയില്‍ എനിക്ക് ഗള്‍ഫില്‍ പോകാന്‍ ആശ മൂത്തു. കയ്യില്‍ കാശില്ല, ബാപ്പ വേണ്ട വിധം സഹകരിക്കുന്നില്ല. കാര്യം ഞാന്‍ അയമോക്കാനെ അറിയിച്ചു. 

"ജ്ജെ എങ്ങനെങ്കിലും ഒരു പെണ്ണ് കെട്ടി ഓളെ പണ്ടോം പണോം കൊണ്ടു അക്കരയ്ക്കു പൊയിക്കോ" അയമോക്കാന്റെ ഉപദേശം. 

അയമോക്ക, കല്ല്യാണം പള്ളിമുക്കിലോ..... ങ്ങള് പള്ളിമുക്കിലെ നടക്കണ കാര്യം പറയിന്‍. പിന്നെല്ലാതെ. 

"ജ്ജെ കാര്യം അന്റെ ഗള്‍ഫ്  എളാപ്പാനെ ഏല്‍പ്പിച്ചോ,  ബാക്കി ഓന്‍ നോക്കിക്കൊളൂം,  ഓന്‍പ്പോ ഗള്‍ഫൂന്നും കുറ്റിയും ബെരും പറിച്ച് പോന്നതല്ലേ."

ഞാന്‍ അയമോക്കാന്റെ സഹായത്താല്‍ എളാപ്പാനെ സോപ്പിട്ടു ചാക്കിലാക്കി. ബാപ്പാന്റെ പോക്കറ്റില്‍ നിന്നും ഇസ്ക്കിയതാണെങ്കിലും  എളാപ്പാന്റെ അന്നത്തെ പെയിന്റ് അടി എന്റെ വകയായിരുന്നു. 

"എന്നെ കണ്ടാ തുള്ളിക്ക്‌മാറുണ   അനക്കിപ്പോ ഞാന്‍ വേണമല്ലേ.അന്റെ കല്ല്യാണം  നടക്കെണെങ്കില്‍  അന്നെക്കാളും മുന്തിയോനായ  സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം നടക്കണം. അത് നടന്നാല്‍ ഞാന്‍ ബാപ്പാനോട് വിഷയം പറയാം" എളാപ്പാന്റെ നിലപാടായിരുന്നു അത്.  

എന്നെപ്പോലെ പെണ്ണ് കെട്ടാന്‍ മൂത്തിരിക്കുന്ന ചെക്കന്മാരെയും കൂട്ടി ഞാന്‍ സല്‍പ്പേര് ബാപ്പുട്ടിന്റെ അടുത്തെത്തി. ബാപ്പുട്ടിന്റെ അടുത്ത സുഹൃത്ത് പേര് കൊണ്ട് മാത്രം സമ്പത്തുള്ള 'സമ്പത്തിനെയും' ബ്രോക്കര്‍  കുഞ്ഞാപ്പൂനേം ഒപ്പം കൂട്ടി. നീണ്ട വിസ്താരങ്ങള്‍ക്കൊടുവില്‍    ബാപ്പുട്ടി കല്ല്യാണത്തിനു സമ്മതിച്ചു. 

കാര്യങ്ങള്‍ ഞങ്ങള്‍ വളരെ രഹസ്യമാക്കി നീക്കി. ബാപ്പുട്ടിക്കു നിലമ്പൂരില്‍ നിന്നും പെണ്ണുറപ്പിച്ചു.    ആരും നിലമ്പൂര്‍ക്ക്   മണ്ടിപാഞ്ഞു  കല്ല്യാണം മുടക്കണ്ടാ എന്ന് കരുതി പെണ്ണു   ഞങ്ങള്‍ കൊണ്ടോട്ടിയില്‍ നിന്നാണെന്ന് നാട്ടില്‍ പറഞ്ഞു. എല്ലാവരെയും കല്ല്യാണത്തിനു  പാഞ്ഞു  നടന്നു  വിളിച്ചു,  എല്ലാ പള്ളികളിലും മാറി മാറി ഞങ്ങള്‍ നിസ്ക്കരിച്ചു,  ദുആ  ചെയ്തു.   മല്ലുകെട്ടാണെങ്കിലും ബ്രോക്കര്‍ കുഞ്ഞാപ്പൂനേം, കെട്ടിയോളെയും നല്ലോണം തീറ്റി പോറ്റി.

മൈക്ക സെറ്റും കാര്യങ്ങളുമായി കല്ല്യാണം ജോറാക്കി. ഉള്ളില്  തീയാണെങ്കിലും പതിനൊന്നു മണിക്ക് തന്നെ ബാപ്പുട്ടി പുതിയാപ്ല ഇറങ്ങി,  പെണ്ണിനേയും കൊണ്ട് ഒരു മണിക്ക് മടങ്ങി എത്തി. ഞങ്ങളൊക്കെ ഒന്നു നന്നായി ശ്വാസം വിട്ടു.   

പെണ്ണ് കൊണ്ടോട്ടിയില്‍ നിന്നല്ല നിലമ്പൂരില്‍ നിന്നാണ്ന്നറിഞ്ഞു  നാട്ടിലെ പ്രമാണിമാരൊക്കെ  മൂക്കത്ത് വിരല്‍   വെച്ചിരിക്കുന്നതിനിടയില്‍  മൈക്ക  സെറ്റില്‍ പാട്ട് നിര്‍ത്തി സമ്പത്തിന്റെ വക ഒരു കാസറ്റ്.  നാട്ടിലെ മൂപ്പന്മാര്‍ക്ക് ബാപ്പുട്ടിന്റെ പെണ്ണ് വീട്ടുകാരെന്ന മട്ടില്‍ സമ്പത്ത് ഫോണ്‍  വിളിച്ചു റെക്കോര്‍ഡ്‌ ചെയ്ത കാസറ്റ്.  സമ്പത്തിന്റെ  "തലയിലെ സമ്പത്ത്" കേട്ടു   എല്ലാരും ഞെട്ടി. ബാപ്പുട്ടിനെ പറ്റി   ഓരോരുത്തര്‍  പറഞ്ഞത്  കേട്ടാല്‍ ഓന്റെ വെല്ല്യാപ്പാന്റെ പെണ്ണിനെ  വരെ മൊഴി ചൊല്ലും. അഭിപ്രായം പറഞ്ഞ പ്രധാന പയ്യന്‍സൊക്കെ പതുക്കെ തലയില്‍ മുണ്ടിട്ടു  സ്ഥലം കാലിയാക്കി. അയമോക്ക മാത്രം അഭിപ്രായത്തിലും ബുദ്ധി കാട്ടി. "കല്ല്യാണ വിസയമൊന്നും അയമ്മു ഫോണിലൂടെ പറയൂല നേരിട്ട് ബരിന്‍" അയമോക്ക തടി കാത്തു.   ഞങ്ങള്‍ ബാപ്പുട്ടിനെയും പെണ്ണിനേയും കൂട്ടി കല്ല്യാണം മുടക്കികളുടെ പിന്നാലെ   കൂക്കി വിളിച്ചു ജാഥ നടത്തി. 

സല്‍പ്പേര് ബാപ്പുട്ടിന്റെ കല്ല്യാണം കഴിഞ്ഞതോടെ  ഞങ്ങള്‍ ഉഷാറായി. കല്ല്യാണ  മുടക്കികള്‍ക്ക് താക്കീതായി സമ്പത്തിന്റെ ഫ്ലക്സ് ബോര്‍ഡ്‌ നാട്ടില്‍ തൂക്കി. എന്റെ കല്ല്യാണം കഴിഞ്ഞു. സൂറാബിന്റെ  പണ്ടം വിറ്റു  ഞാന്‍ ഗള്‍ഫിലെത്തി,  നാല് കൊല്ലത്തിനു ശേഷം  ഒരു ഗള്‍ഫ്കാരനായി പള്ളിമുക്കിലെത്തി. 

അയമോക്കാനോട് എനിക്ക് കടപ്പാടുണ്ടല്ലോ. പൊറാട്ടയും ചായയും അടിച്ചു അയമോക്കാന്റെ മക്കാനിയില്‍ നിന്നും ഇറങ്ങി.  കാറില്‍ കയറുന്നതിനു മുമ്പായി, അയമോക്കാന്റെ നാക്കിനെ മെരുക്കാന്‍ വാങ്ങിയ പത്തു റിയാലിന്റെ അത്തറും  കള്ളി തുണിയും അയമോക്കാക്ക് കൊടുക്കാന്‍ ഞാന്‍ മറന്നില്ല. 

================================================================
ഇതിലുപയോഗിചിരിക്കുന്ന ചില പദങ്ങള്‍ എന്റെ സുഹൃത്തുക്കള്‍ ആവശ്യപെട്ട പ്രകാരം  പരിചയപെടുത്തുന്നു:

നിക്കാഹ് : മുസ്ലിം വിവാഹ നിയമ പ്രകാരം  നിക്കാഹു കഴിഞ്ഞാല്‍ വധു നിയമ പ്രകാരം വരന്റെ സ്വന്തമായി. ബാക്കിയുള്ളതെല്ലാം വെറും ചടങ്ങുകള്‍. നിക്കാഹു കഴിഞ്ഞാലും ചില  വിവാഹം മുടങ്ങാറുണ്ട്,(മൊഴി ചൊല്ലും)
മൊഴി ചൊല്ലുക: വിവാഹ മോചനം നടത്തുക.
ഒസ്സാന്‍: ബാര്‍ബര്‍
പെയിന്റ് അടി: പള്ളിമുക്കിലെ ലോക്കല്‍ പ്രയോഗം: (കാലി  പൊറാട്ടയില്‍  കഷ്ണമില്ലാത്ത ബീഫ്  കറി  കൂട്ടി കഴിക്കുന്നതിനു പള്ളിമുക്കില്‍ പെയിന്റ്ടി  എന്നാ പറയുക.)

എഴുതിയത് 
ഷാനവാസ് ഇളയോടന്‍

ബ്ലോഗ്‌   http://elayodenshanavas.blogspot.com/2010/12/blog-post_22.html
8:13 PM | 3 comments | Read More

നഷ്ടസ്വപ്നങ്ങള്‍ ...

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Tuesday, August 14, 2012 | 8:35 PM


ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. 

"മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്.


രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടോപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍നിന്നാരെങ്കിലും ചൂരലുമായി വരണം.


"കന്നു വെള്ളതിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട്"...........


നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറു കരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പോന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാരുണ്ട്. 


ഇനി സൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയം പെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍ പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാര കേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനോപ്പം പത്രം അരച്ചു കലക്കി കുടിച്ച്, അന്നത്തെക്കു വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദേഹത്തിന്‍റെ മുഖം തെല്ലു ഗൌരവ പ്രകൃതമായിപ്പോയി. "ഇവിടെ രാഷ്ട്രിയം പറയരുത്" എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായകുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള ചെറു കടിയിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റ്കളെയും കൂടാതെ നിക്ഷ്പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്.


എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍ പാര്‍ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്കു വാങ്ങി അണിയാണോ അവര്‍ വൈമുഖ്യം കാട്ടാറില്ല. 
ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ. കെ. ജി. യും, വി. പി. സിങ്ങും, ഇ. എം. എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോണ്ഗ്രസ് അനുഭാവ കര്‍ഷക മുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സയറന്‍, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകത്തുകളയുന്നത്.


രാഷ്ട്രിയ വയ്പരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കിക്കും മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിയിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്‍ന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൌമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്?
എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അര്‍ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും  കൌതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടോന്നോരുദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി.ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു"എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി.അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവമായിരുന്നു. പെട്ടന്നോരുദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൌമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അന്ഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.

കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോളും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്രി ഇന്റെര്‍വ്യൂകള്‍ ആവേശമായിരുന്നു. ആവശ്യത്തിലും കായികഷമത ഉണ്ടായിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു.പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തതിലലിഞ്ഞുചേര്‍ന്ന പ്രത്യേയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂനിയന്‍ നേതാവായി. കാലം വഴിതെറ്റിയപ്പോളും, കുട്ടനാടന്‍ പാടശേഘരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോളും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുരവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷക മുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധ ചേരിയില്‍ സന്ജരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റി ബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൌനിക്കാതെ നടന്നകന്നത്?

ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധാമോ എന്തോ പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണെയുംപോലെ നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്‍റെല്‍" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍, വെല്ലുവിളിച്ചുഅതെല്ലാം തലയിലേറ്റുന്ന അവനെ "കിന്‍റെല്‍ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.

ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
                 ******
My Photo

എഴുതിയത്...ജോസെലെറ്റ് ജോസഫ്‌ 
ബ്ലോഗ്‌ :http://punjapadam.blogspot.com/p/blog-page_01.html
8:35 PM | 5 comments | Read More

സുഷിരത്തിലൂടെ നോക്കുമ്പോള്‍ ,,,

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Monday, July 16, 2012 | 1:54 PM


    ആരോ ഒടിച്ചുമടക്കി കെടുത്താതെ ഇട്ട സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി പിന്നതൊരു പാമ്പ്‌ ആയി വായുവിലെ കാണാ മാളത്തിലേക്ക് കയറിപ്പോയി .ടി വി ഓഫ്‌ ആയിരുന്നു.അതിന്‍റെ മുകളില്‍ പ്ലാസ്റ്റിക്‌ പൂക്കളും ഇലകളും ഒക്കെ നിറച്ച ഒരു പൂവട്ടി ഇരിപ്പുണ്ട് .പിന്നെ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ബ്രാ തൂങ്ങിക്കിടപ്പുണ്ട് ,ഇപ്പോള്‍ വീഴും എന്ന പാകത്തില്‍
                
                      ക്ലോക്ക് നടക്കുന്നുണ്ടായിരുന്നു ,പക്ഷെ തെറ്റായ സമയം കാണിച്ചു .വാള്‍ഹാങ്ങറില്‍ ഒരു ബെല്‍റ്റ്‌ കൊളുത്തിയിട്ടുണ്ട് .ടീപോയിയില്‍ വായിച്ചു മടക്കിയ ഒരു  പത്രം .അതിന്‍റെ മുകളില്‍ മറിഞ്ഞു പോയ ഒരു ചായക്കപ്പ് .ചായയുടെ തുള്ളികള്‍ പരന്നതിനാലാവാം ഒന്നോ രണ്ടോ ഈച്ചകള്‍ അതില്‍ വന്നിരിക്കുകയും പാറുകയും ചെയ്യുന്നു .

അകത്തെവിടെയോ പൈപ്പ് തുറന്നു കിടപ്പുണ്ട് .സിങ്കിലോ മറ്റോ വെള്ളം വീണു ചീറ്റിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാം .ഒരു പന്ത് ടി.വി വെച്ചിരിക്കുന്ന സ്ടാന്റിന്റെ  അരികില്‍  നില്‍ക്കണോ തിരിയണോ എന്ന ശങ്ക കൊണ്ടെന്ന പോലെ തന്റെ ചലനത്തിന്റെ അവസാനത്തെ അനക്കത്തില്‍ ,

                     ഒരു വരി കറുത്ത ഉറുമ്പുകള്‍ ഭിത്തിയുടെ താഴെ നിന്ന് വരി വെച്ച് മുകളിലേക്ക് കയറുന്നു .അവയുടെ ജാഥ അവസാനിക്കുന്നില്ല .നിലത്തു നിന്ന് മുകളിലേക്ക് വരച്ച വര എന്ന വണ്ണം അവ വീണ്ടും വീണ്ടും .. 

                " അലൈ പായുതേ കണ്ണാ :" മൊബൈല്‍ ഉച്ചത്തില്‍ മുഴങ്ങി ,ആരും എടുക്കാത്തത് കൊണ്ട് അത് കുറച്ചു മൂന്നു വരി പാടി  കട്ട് ആയി .പിന്നെയും അലൈ പായുതേ .കുറച്ചു നേരം കഴിഞ്ഞു  നിശബ്ദത .  
        
               പെട്ടെന്ന് കറന്റ്‌ വന്നു .പ്ണ്യൂം എന്നൊരു ശബ്ദമുണ്ടാക്കി ടി.വി ഓണായി .അതിന്‍റെ സ്ക്രീനില്‍ വെളുത്ത നിരവധി പുഴുക്കള്‍ .ഫാന്‍ വളരെ പ്രയാസപ്പെട്ടു കറങ്ങിത്തുടങ്ങി .മൈലാഞ്ചിയിട്ട മിഞ്ചിയണിഞ്ഞ വെളുത്ത കെടുമ്പിച്ച വിരലുകളോടെ രണ്ടു കാല്‍പ്പാദങ്ങള്‍ ആ ഫാനിനൊപ്പം  മുറി ചുറ്റാന്‍ തുടങ്ങി .
                     അടുത്ത  തവണ ഫാന്‍ തിരിഞ്ഞു വരാന്‍ ഒരു പാട്സമയമെടുത്തു ,കിര് കിര് എന്നാ ശബ്ദമുണ്ടാക്കി   അത് തിരിഞ്ഞു വന്നപ്പോള്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഞ്ഞ നിറത്തില്‍ കൊഴുത്ത തുടകള്‍ ,ആ തുടക്കാമ്പില്‍  ഒരു വലിയ മറുക് ,ഹാ ,ഒരു വലിയ കറുത്ത മറുക് !...
              



എഴുതിയത്....സിയാഫ്  അബ്ദുല്‍ ഖാദിര്‍ 
ബ്ലോഗ്‌ :http://karivandukal.blogspot.in/2011/11/blog-post.html


1:54 PM | 6 comments | Read More

ബര്‍ക്കയിലെ കാളപ്പോര് ...

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Wednesday, June 27, 2012 | 5:49 PM


നമ്മുടെ നാട്ടിലെ കാളപൂട്ട് മത്സരമോ, കോഴിപ്പോരോ, ആനയോട്ടമോ ഒന്നും കാണാനുള്ള ഫാഗ്യം നാളിത് വരെയായിട്ടും സിദ്ധിച്ചിട്ടില്ല. നാട്ടിലുണ്ടായിരുന്ന കാലത്ത്, പീടിക തിണ്ണയിലെ ഇഷ്ട്ട ഇരുപ്പിടം തരപ്പെടുത്താനും, പഞ്ചായത്തിലെ സകല വേലി ചാടലിന്‍റെ കണക്കെടുപ്പും കഴിഞ്ഞ് പിന്നെയെവിടെ സമയം? അതൊക്കെയൊരു കാലം! ആര് കണ്ണ് വെച്ചിട്ടാണാവോ കഷ്ട്ടകാലത്തിന് നല്ലൊരു ജോലി കിട്ടി ഒമാനിലെത്തി. വെറുതെയിരുന്ന് തിന്നിരുന്ന എന്‍റെ പുറത്ത് മാറാപ്പ് കേറ്റിയപ്പോ തൃപ്തിയായി കാണും.

അങ്ങിനെയിരിക്കെയൊരു ദിവസം, ഇവിടെയടുത്ത് ബര്‍ക്കയില്‍ കാളപ്പോര് നടക്കുന്നുണ്ടെന്ന് കേട്ടു. ഒന്നും നോക്കിയില്ല, കേട്ട പാതി കേള്‍ക്കാത്ത പാതി വച്ച് പിടിച്ചു. കൂട്ടിനെനിക്ക് ശമ്പളം തരുന്നിടത്ത്, ജോലി ചെയ്യുന്ന മൂന്ന് പേരുമുണ്ടായിരുന്നു. ഉളുപ്പൊന്നും കൂടാതെ കൃത്യമായി ശമ്പളം വാങ്ങുന്നുണ്ടെങ്കിലും, പണിയെടുക്കാന്‍ ഞാനപ്പോഴും തുടങ്ങിയിരുന്നില്ല. അത് കൊണ്ട് സഹപ്രവര്‍ത്തകരെന്ന് വിളിച്ച്‌ അവരെ അപമാനിക്കുന്നില്ല. 
തദ്ദേശിയായ മാജിദ് അല്‍ ബലുഷിയുമുണ്ട് കൂടെ. കൂടെയുള്ളവരുടെ അറിവില്ലായ്മ അനുഗ്രമാക്കിയെടുത്ത് മാജിദ് വാചാലനായി. മലയാളിയുടെ സ്വതസിദ്ധമായ പുച്ഛരസത്തോട് കൂടി, ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടില്‍ മാജിദ് പറയുന്നതത്രയും സശ്രദ്ധം കേട്ട് കൊണ്ട് കൂടെ നടന്നു. മാജിദിന്റെ വംശജര്‍ പണ്ട് ബലൂചിസ്ഥാനില്‍ നിന്ന് കുടിയേറി വന്നവരാണ്. ഇന്ന് ബലൂഷികള്‍ ഇവിടത്തെ പ്രബലരായ ഒരു അധികാരവര്‍ഗ്ഗമാണ്. ബര്‍ക്ക ഇവരുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നും. അറിവിന്‍റെ സോഴ്സ് മാജിദ് അല്‍ ബലുഷി ആവുമ്പോള്‍ ബലുഷികള്‍ അത്ര മോശക്കാരാവില്ലല്ലോ, ഞാന്‍ മനസ്സില്‍ പറഞ്ഞു. മാജിദിന്‍റെ മാമ(അമ്മാവന്‍) കാളപ്പോരിന്‍റെ പ്രധാന കൊണാണ്ടര്‍മാരില്‍ ഒരാളാണത്രേ. സ്വന്തമായി പത്തു മുപ്പത് പോരുകാളകള്‍ ഉണ്ട് കക്ഷിക്ക്. നല്ല ഒരു കാളകൂറ്റന് പതിനഞ്ച് ലക്ഷം രൂപ വില വരും.

മാജീദിന്റെ ഗീര്‍വാണങ്ങള്‍ കുത്തിവച്ച് തന്ന  ആത്മവിശ്വാസത്തില്‍ കാളപോര് നടക്കുന്ന വേദി ലക്ഷ്യമാക്കി നടന്നു. ആരുണ്ടെടാ എന്നെയും മാമായെയും തൊടാനെന്ന മട്ടിലായി കഴിഞ്ഞിരുന്നു അപ്പോഴേക്കും കാര്യങ്ങള്‍ ! അപകടം മണത്ത് എന്നെ തടഞ്ഞ മാജിദിന്റെ കൈകള്‍ തട്ടിത്തെറിപ്പിച്ച് കൊണ്ട്  ഇടതു കാല്‍ വെച്ച് കളത്തിലേക്ക് ചാടിയിറങ്ങി.

പടച്ചോനെ പാന്‍റ് നനഞ്ഞ് കാണുമോ! ഘടാഘടന്മാരായ പത്തമ്പത് കാള കൂറ്റന്‍മാരാണ് ചുറ്റിനും. മാമയുടെ തിണ്ണബലം നല്‍കിയത് ആത്മഹത്യപരമായൊരാവേശമായിരുന്നു.  കാളകള്‍ എല്ലാവരും ഒരേ പോലെ അസ്വസ്ഥര്‍ !! "രണ്ട് മനുഷ്യരെ കിട്ടിയിരുന്നെങ്കില്‍... കൊമ്പില്‍ കോര്‍ത്തി അമ്മാനമാടി കളിക്കമായിരുന്നു!" എന്ന മട്ടിലാണ് നില്‍പ്പ്. മനുഷ്യരെ കിട്ടാത്തത് കൊണ്ടാവണം, പുറം കാലു കൊണ്ട് മണ്ണ് തെറിപ്പിച്ചും, മണ്ണില്‍ കൊമ്പ് കുത്തിയിറക്കിയും എല്ലാം ആശ്വാസിക്കുന്നു.

എന്നെയറിയാവുന്നാരും ഞാന്‍ പറയുന്നതിന്‍റെ പത്ത് ശതമാനം പോലും വിശ്വസിക്കില്ലെന്ന് എനിക്കറിയാവുന്നത് കൊണ്ട്, തെളിവിനായി ഒരു നീളന്‍ ഫോട്ടം ഇടുന്നു. ഇനി കുത്തിയിരുന്നു കാളയെ എണ്ണി നോക്കണ്ട വല്ല പത്തോ ഇരുപതോ എണ്ണം കൊറവ് കാണും അതങ്ങ് ഷമീര്..

ആദ്യത്തെ പ്രണയം, ആദ്യത്തെ ചുംബനം, ആദ്യത്തെ ... എന്തിനധികം പറയണം ആദ്യത്തെതെന്തും സ്പെഷ്യലാണെന്നാണല്ലോ വപ്പ്. ആദ്യത്തെ കാളയും മോശം പറയാനില്ല, 'ഒരു ചെമ്പന്‍' മുക്രയിട്ടങ്ങനെ നില്‍ക്കുകയാണ്. കണ്ണുകളില്‍ വല്ലാത്തൊരു വന്യഭാവം. കാമറ കയ്യിലെടുത്തു, കൈവിറ മാറിയിട്ടില്ലെങ്കിലും നട്ടുച്ച സമയമായത് കൊണ്ട് വലിയ പരുക്കില്ലാതെ പടം പതിഞ്ഞു. സംശയരോഗികളുടെ സംശയ നിവാരണത്തിനായി ഗണപ്തിക്കുടച്ച ഫോട്ടോ താഴെ കൊടുക്കുന്നു. ഇനിയെങ്കിലും എന്നെയൊന്ന് വിശ്വസിക്കൂ, ഞാന്‍ ഇപ്പോള്‍ വല്ലപ്പോഴുമൊക്കെയെങ്കിലും സത്യം പറയാര്‍ ഉണ്ട്.

അടുത്ത കാളയെ കാണാന്‍ മുന്നോട്ട് നടന്നപ്പോഴാണ് ശ്രദ്ധിച്ചത്, കാളയുടെ ഇപ്പുറത്തെ കണ്ണില്‍ മറ്റേ കണ്ണിന്റെയൊരു ശൌര്യമില്ല, പകരം വല്ലാത്തൊരു ദയനീയത. മുന്‍പെപ്പൊഴോ നടന്നൊരു കാളപോരില്‍ കാഴ്ച്ച നഷ്ട്ടപ്പെട്ട കണ്ണായിരുന്നു ഞാനാദ്യം കണ്ടത്. ആ കണ്ണിലെ വന്യതയെയാണ്, കൊറച്ചു മുമ്പ് വരെ ഞാന്‍ ഭയപ്പെട്ടത്, ആരാധിച്ചത്. പണ്ട് മണിച്ചിത്രത്താഴ് കാണാന്‍ പോയ ഞാന്‍, ടിക്കറ്റെടുത്തത് മാരിപോയത് കൊണ്ട് ആകാശദൂത് കാണേണ്ടി വന്നത്, പെട്ടെന്നെന്ത് കൊണ്ടോര്‍ത്തു പോയി. 

മുകളിലെ ഫോട്ടോയൊന്ന് മിനുക്കാന്‍ വേണ്ടി ഫോട്ടോഷോപ്പില്‍ കേറ്റിയപ്പോഴാണ് ആ കാളയുടെ കണ്ണില്‍ നിന്ന് കണ്ണീരോലിക്കുന്നത് ശ്രദ്ധിച്ചത്. എന്നിലുറങ്ങി കിടക്കുന്ന സോഷ്യല്‍ മീഡിയ മൃഗസ്നേഹി വാവിട്ട് കരഞ്ഞു പോയി. എന്താണ് മൃഗീയം? ഏതാണ് മൃഗീയം?

ഭാഗ്യം ആ കണ്ണ്നീര്‍ അപ്പോള്‍ കണ്ടിരുന്നുവെങ്കില്‍ ഉച്ചക്ക് അല്‍ ഫവാന്‍ ഹോട്ടലില്‍ നിന്ന് വെട്ടി വിഴുങ്ങിയ ബീഫ്‌ ബിരിയാണിയുടെ രസം പോയേന്നെ. കാണാന്‍ പാടില്ലാത്തത് കാണാതിരിക്കാനുള്ള തലച്ചോറിന്റെ കഴിവ് അഫാരം തന്നെ.
അവിശ്വാസികളായ കണ്ണാടികള്‍ക്ക് വേണ്ടി സൂം ചെയ്ത കണ്ണ് ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു 


പെട്ടെന്നാണ് ശ്രദ്ധിച്ചത് കളത്തിനൊത്ത നടുക്ക്, ഒരു ചുരിധാരിണി!  എല്ലാ കണ്ണുകളും അവളിലാണ്. കൌബോയ്‌ തൊപ്പി വെച്ച ഒരു ബ്യൂട്ടിഫുള്‍ ബുള്‍ഗേള്‍ !! 
നട്ടപൊരി വെയിലത്തും കോള്‍മയിര്‍ കൊണ്ട് പോയി.  എന്തരോ എന്തോ ഒരു നിമിഷം സല്‍മാ ഹൈക്കിന്റെ ചിത്രം മനസ്സില്‍ മിന്നി മറഞ്ഞു. കണ്ടത് മനോഹരം കാണാത്തതതിമനോഹരം എന്നല്ലേ, ഇവള്‍ക്കെന്താ ഒന്ന് തിരിഞ്ഞ് നോക്കിയാല്‍ ?

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇവളുടെ വക ബെല്ലി ഡാന്‍സ് കാണും. വെറുതെയല്ല ഇക്കണ്ട ജനം മുഴുവനിവിടെയീ നട്ടുച്ചക്ക് ക്ഷമയോടെ കാത്തിരിക്കുന്നത്. കിളവന്മാരണധികവും. അത്ഭുദം തോന്നിയില്ല, പണ്ട് ശില്പി തീയറ്ററില്‍ സീസണ്‍ ടിക്കറ്റുണ്ടായിരുന്ന കാലത്തേ നോട്ട് ചെയ്ത പോയന്‍റ് ആണിത്. ആര്‍ത്തവം നിലച്ച കിളവന്മാര്‍ക്കും പിന്നെയെന്റെ പ്രായക്കാര്‍ക്കുമാണെന്നും ഈ കടുക്കാവെള്ളം കുടിക്കാത്തതിന്റെ സൂക്കേട്. അക്ഷമരായീ കാള കൂട്ടങ്ങള്‍ക്ക് നടുവില്‍ നൃത്തംചെയ്യേണ്ട പാവമീ ലബനീസ്(ആവാനേ തരം ഉള്ളൂ) യുവതിക്ക് വേണ്ടിയൊരു തുള്ളി കണ്ണ്നീര്‍ പൊഴിക്കട്ടെ. അവളുടെ കയ്യിലെവിടെ നിന്നോയൊരു കോളാമ്പി മൈക്ക് പ്രത്യക്ഷപെട്ടു. പാടി നൃത്തം ചെയ്യാനുള്ള പരിപാടിയാണെന്ന് തോന്നുന്നു. ഒരു നോക്ക് ആ മുഖമൊന്ന് കാണാനുള്ള മനസ്സിന്‍റെ വിജുംബ്ര സ്പന്ദനങ്ങള്‍ക്കോരോ നിമിഷവും ആക്കം കൂടി കൊണ്ടേയിരുന്നു.

പെട്ടെന്നെന്തോ ബാധ കേറിയ പോലെയവള്‍ ചാടിയെണീറ്റു, ഞാനും. വെട്ടി തിരിഞ്ഞ അവളുടെ മുഖം കണ്ട ഞാന്‍, ഞെട്ടി മാമ ഞെട്ടി!  വഴി തെറ്റി ഒഴുകിയ ഏതോ പരിണാമത്തിന്റെ കൈവഴിയില്‍, കാളയില്‍ നിന്നും പരിണമിച്ച, കൊക്കോ കോളയെ നാണിപ്പിക്കും വിധം കറുത്തിരുണ്ടൊരു രൂപം. ഈ മനുഷ്യനെയാണല്ലോ ദൈവമേ ഞാന്‍ ഇത്ര നേരം.. എന്‍റെ ലബനിസ്‌ പെണ്‍കൊടി.. ഇവിടെ കണക്ക് കൂട്ടലുകളെല്ലാം പിഴക്കുകയാണല്ലോ..  മൈക്കെടുത്തു വെച്ച് അങ്ങേര്‍ അലറി വിളിക്കാന്‍ തുടങ്ങി. ജനമായ ജനം മുഴുവന്‍ അത് കേട്ട് ആര്‍ത്തട്ടഹസിച്ചു ചിരിക്കുന്നു. എന്തുകൊണ്ടോ എന്നെ കളിയാക്കി ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഇയാള്‍ വലിയ തമാശക്കാരന്‍ ആണെന്ന മാജിദിന്റെ സാക്ഷ്യപെടുത്തല്‍ എന്‍റെ വിദ്വേഷം കൂട്ടിയേ ഉള്ളൂ. ഇതോ നിങ്ങളുടെ തമാശ മാജിദെ?  കഷ്ടം! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃതമായ കാളപോര് പോലെയുള്ള വിനോദങ്ങള്‍ ആസ്വദിക്കാന്‍ കഴിയുന്ന അറബികളുടെ ബൌദ്ധിക നിലവാരത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍, ഈ മനുഷ്യന്‍റെ അലറ്ച്ചകള്‍ വലിയ തമാശകള്‍ ആയി തോന്നിയേക്കാം. ഇവരോട് നമ്മുക്ക് സഹതപിക്കാം..ഞാന്‍ മനസ്സില്‍ പറഞ്ഞു.


സ്പെയിനിലെ കാള പോര് പോലെ മനുഷ്യനും കാളയും തമ്മിലല്ല ഇവിടെ മത്സരം. ഇവിടത്തെ യുദ്ധം മനുഷ്യര്‍ തമ്മില്‍ ആണ്, അവരവരുടെ ബലി/പോര്കാളകള്‍ കൊണ്ട്. സമ്പന്നരായ മനുഷ്യരുടെ ഓരോ വേദനകള്‍ , അതിന് സര്‍വ്വവിധ പ്രോത്സാഹനവും നല്‍കി കൊണ്ട് ഞാനടക്കമുള്ള വലിയൊരു ജനാവലിയും. കയ്യിലെ കാശും, കഴപ്പും തലമുറകള്‍ കഴിയും തോറും കുറഞ്ഞു വരികയാണ്. അത് കൊണ്ട് തന്നെയാവണം, മത്സരം കാളക്ക് വലിയ പരിക്കേല്‍ക്കുന്നത് വരെ ഇപ്പോള്‍ നീട്ടി കൊണ്ട് പോകാറില്ല. അതിന് മുന്‍പ് നമ്മുടെ ലബനീസ് പെണ്‍കൊടി വിസില്‍ അടിക്കും, ഉടനെ കുറേ പയ്യന്മാര്‍ വന്നു കാളകളെ പിടിച്ചു മാറ്റും. ചുരുക്കത്തില്‍  കൊമ്പ് കൊണ്ട് ഉള്ള ഒരു പഞ്ചഗുസ്തി മത്സരം ആണ് ഇവിടത്തെ കാള പോര്. വാതുവെപ്പൊന്നുമുള്ള ലക്ഷണം കണ്ടില്ല. വിജയിയായ കാളയുടെ മൂല്യം വര്‍ദ്ധിക്കും, അതൊക്കെ പ്രീമിയര്‍ ലീഗ് സെറ്റ്‌ അപ്പ്‌ തന്നെ.

ഈ പോസ്റ്റ്‌ തുടങ്ങിയപ്പോള്‍,  കുറച്ചു ഫോട്ടം ഇടാനെ ഉദ്ദേശിച്ചിരുന്നുള്ളൂ . പിന്നെ കരുതി ഫോട്ടോക്ക് ഒരു അടി കുറിപ്പ് എഴുതാം എന്ന്. ശീലമില്ലാത്ത ഇടപാട് ആയത് കൊണ്ടാവാം. അടി കുറിപ്പുകള്‍ നീണ്ട് നീണ്ട് പോയി. അഴിച്ചു വിട്ട കാളയും, എഴുത്തും നല്ലതല്ല എന്നല്ലേ. അത് കൊണ്ട് എഴുത്ത് ഇവിടം വച്ച് നിര്‍ത്തുന്നു, ഇനി കണ്ട് അനുഭവിക്കൂ

മാജിദ് അല്‍ ബലൂഷി - ഇവന്‍റെ ക്ഷണം സ്വീകരിച്ചാണ് ഞാനിവിടെയെത്തിയത്. ക്ഷണനപെടാതെ തിരിച്ചെത്താനായത് കാളകളുടെ കനിവ് കൊണ്ടും.

മാജിദിന്റെ മാമ ഞങ്ങളുടെ ലോക്കല്‍ ഗാര്‍ഡിയന്‍..
നല്ല പ്രായം കഴിഞ്ഞെന്നു മനസിലായത് കൊണ്ടാവണം മാമ ഗാലെറിയില്‍ സുരക്ഷിതമായൊരു സ്ഥാനത്തിരുന്നാണ് കളിക്കുന്നത്.

ഇയാളാണ് സ്ഥലത്തെ പ്രധാനി, മാമയുടെ മുഖ്യ എതിരാളി. മാമയുടെ പോലെയല്ല, പുള്ളി കളത്തിനു നടുക്ക് നിന്നാണ് കളി.
പഴുത്ത മാമയോട്, പച്ച എതിരാളിക്ക് ഒരു പുച്ഛം ഉണ്ടെന്ന് എനിക്ക് സംശയം ഇല്ല. നിങ്ങള്ക്ക് ഉണ്ടെങ്കില്‍ ഇങ്ങേരുടെ ഈ ഫോട്ടം ഒന്ന് കണ്ടു നോക്കൂ

മാമയുടെ നല്ലവനായ കാള ഇടയന്‍
ഒരു ഏഴടി പൊക്കവും അതിനൊത്ത തടിയും, കണ്ടപ്പോള്‍ തീരെ അസൂയ തോന്നിയില്ല. "സമത്വസുന്ദര ലോകം" എന്നത് ഒരു  സൈദ്ധാന്തികസ്വപ്നം മാത്രമാണ്, പ്രയോഗത്തില്‍ വരുത്താന്‍ ദൈവത്തിന് പോലും കഴിയാത്ത ഒന്ന്.

മാമയുടെ ഒരു സില്‍ബന്ധി, ആളൊരു എട്ടുകാലി മമ്മൂഞ്ഞ് ആണെന്ന് തോന്നുന്നു. മാമയുടെ കാളകള്‍ ജയിക്കുന്നത് മൂപ്പര് കരക്കിരുന്നു ഒച്ച വെക്കുന്നത് കൊണ്ടാണെന്നാണ് ഭാവം. ആ പോട്ട് വയസായവരെ ബഹുമാനിക്കണം എന്നല്ലേ

മാമയുടെ ചാണക്യന്‍, മാമാക്ക് വേണ്ടി കളത്തില്‍ നിന്ന് കരുക്കള്‍ നീക്കുന്നത് ഇദ്ദേഹമാണ്.

ബര്‍ക്ക കേശവന്‍:
സകല ലക്ഷണവും ഒത്ത ഇവന്‍റെ സ്വഭാവ വൈഷിഷ്ടം അറിയാന്‍ ബന്ധിച്ചിരുന്ന കയറുകള്‍ എണ്ണി നോക്കിയാല്‍ മതി.

പോഞ്ഞിക്കരയുടെ ബോഡി ഷോ വിത്ത്‌ മ്യൂസിക്‌ 


കാണാനാളില്ലെങ്കില്‍ പിന്നെയെന്തൊക്കെ കാണിച്ചിട്ട് എന്താ? കാണികള്‍ക്ക് കണ്ണിന് വിരുന്നായി ഒരു മദാമ്മ കൊച്ച് അപ്പുറത്ത് ഉണ്ട്. വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി, ഇതിനു തെളിവ് കാണികള്‍ മാത്രം. 

ധൈര്യമുണ്ടെങ്കില്‍ ഒറ്റയ്ക്ക് ഒറ്റയ്ക്ക് വാടാ മനുഷ്യന്‍റെ മോനെ !

പരാക്രമം കാണികളോട്. കാണികളോടി... കന്തൂറയും പൊക്കിയോടി..

മത്സരം തുടങ്ങുക ആയി. കാളയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ കാള റോസ്റ്റ്‌ കഴിക്കണം എന്നാണല്ലോ. ഇവിടെ മത്സരത്തിന് മുന്‍പ് കാളകള്‍ മൂക്ക് രണ്ടുമൊന്ന് മുട്ടിച്ച് ആശംസകള്‍ നേരും, മനുഷ്യരുടെ ആചാരം കാളകള്‍ ദത്തെടുത്തു. 

പൊടി പാറുന്ന മണ്ണില്‍ മത്സരത്തിന്റെ താളം മുറുകി തുടങ്ങി.

കാണികള്‍ക്കിടയില്‍ നിന്നും ഉയരുന്ന ആരവങ്ങള്‍ കാളകളെ ആവേശഭരിതരാക്കി, കാളകള്‍ കാണികളെയും...മത്സരത്തിന്റെ അവശേഷിപ്പുകളായ മുറിവുകളുടെ നീറ്റല്‍ കാളകള്‍ക്ക് സ്വന്തം.

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാശിയേറിയ ആദ്യ മത്സരം സില്‍സില! സോറി ഐ മീന്‍ സമനില

കാളകളെ പൊതുവേ ഇവര്‍ മൂന്നായി തിരിച്ചിട്ടുണ്ട്.
കൂട്ടത്തില്‍ വലിപ്പം കുറഞ്ഞവര്‍ "ഒമാനി".
ഒരു ഇടത്തരക്കാര്‍ "ഷിബു" (വായില്‍ കൊള്ളാത്ത എന്തോ പേര് മറന്നു പോയി )
മൂന്നാമത്തേത് അപ്പം പോലെ തടിയും, അല്പം മാത്രം തലയുമുള്ള  "പാകിസ്ഥാനി"

കഴുത്തില്‍ കത്തി വീഴാതിരിക്കാന്‍, ലഹള വേലയാക്കിയവര്‍ 

 കണ്ടാലൊരു കരിമുണ്ടന്‍ കാര്യം കൊണ്ടവനതിവീരന്‍

ഓ വല്യയൊരു തമാശക്കാരന്‍ !

അടുത്ത ചിത്രത്തെ കുറിച്ച് പറയുന്നതിന് മുന്‍പ്‌ ഒന്ന് ശ്വാസം എടുത്തോട്ടെ .. ഓക്കേ തുടങ്ങാം .
സയുക്തിക ജ്ഞാനത്തിന്‍റെ ലോകത്തിനു മുമ്പില്‍ നിറമുള്ള ചിത്രങ്ങള്‍ വലിയൊരു തടസ്സമായി നിലകൊള്ളുന്നു. സയുക്തിക ജ്ഞാനത്തിന്  ഇന്ദ്രിയ ഗോചരജ്ഞാനവുമായുള്ള വ്യത്യാസത്തെക്കുറിച്ച് സേ ദോങ്ങ് എഴുതിയിട്ടുണ്ട്. ഇന്ദ്രിയ ഗോചരജ്ഞാനം വസ്തുക്കളുടെ വ്യത്യസ്ത വശങ്ങളെ, പ്രതിഭാസങ്ങളെ, ബാഹ്യബന്ധങ്ങളെ, സംബന്ധിച്ചുള്ളതാണ്. അതെ സമയം യുക്തിസഹജ്ഞാനം വസ്തുക്കളുടെ ആകെത്തുകയിലും അന്തസ്സത്തയിലും ആന്തരിക ബന്ധങ്ങളിലും എത്തിച്ചേരാനായി ഒരു വലിയ ചുവട് മുന്നോട്ട് വെക്കുകയും ചുറ്റുപാടുമുള്ള ലോകത്തിലെ ആന്തരിക വൈരുദ്ധ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് യുക്തി സഹജ്ഞാനത്തിന് ചുറ്റുപാടുമുള്ള ലോകത്തിന്‍റെ വികാസത്തെ അതിന്റെ ആകെത്തുകയില്‍ അതിന്റെ എല്ലാ വശങ്ങളെയും ആന്തരിക ബന്ധങ്ങളില്‍ ഗ്രഹിക്കുവാന്‍ കഴിയുന്നു. വല്ലതും ഗ്രഹിക്കാന്‍ കഴിഞ്ഞോ, ഇല്ലെങ്കില്‍ പുറത്തു പറയണ്ട മോശമാണ്. ഗ്രഹിക്കുവാന്‍ കഴിഞ്ഞെങ്കില്‍ എനിക്ക് കൂടി ഒന്ന് പറഞ്ഞു തരണെ


വൃത്തികെട്ടവന്‍ ഓണത്തിന് ഇടയില്‍ ആണവന്‍റെ പൂട്ട്‌ ... അല്പം വെളുത്തിട്ടാണെങ്കിലും ഞാനൊരു കാളയല്ലെടാ.. അത് മൊബൈലില്‍ പകര്‍ത്താന്‍ കുറെ കാണികളും.. ഈ പോരോന്നു  കഴിഞ്ഞോട്ടെ ...


എതിരാളിയെ കുത്തി മലര്‍ത്തി ആധിപത്യം സ്ഥാപിക്കാനോ
കാണികളെ രസിപ്പിക്കാനോ ആവില്ല ഈ യുദ്ധം.
ഇത് പുറത്തു വീഴുന്ന അടികളില്‍ നിന്നുള്ള ഓടി മാറല്‍ മാത്രം 
അവിടെക്കുത്തി ഇവിടെക്കുത്തി വരായായ്കുത്തി വിരലാല്‍കുത്തി

 ആയിരം കടലോടി വന്ന ഈ ചെമ്പുള്ളി കുപ്പായക്കാരനാണ് പാകിസ്ഥാനി


ഇത് കൊണ്ട് ഒന്നും തൃപ്തി ആവാത്തവര്‍ക്കായിയൊരു വിഡിയോ



Roshan PM's profile photo
എഴുതിയത്  റോഷന്‍ 
ബ്ലൊഗ്   http://roshanpm.blogspot.com/2012/01/blog-post_07.html 
5:49 PM | 2 comments | Read More

ജിന്നുകളുടെ ഉസ്താദ്‌ .....

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Monday, June 25, 2012 | 1:31 PM


ബാവക്കുട്ടിയെ പറ്റി പറയുമ്പോള്‍ ബാലമാസികകളില്‍ കാണുന്ന ദേശാടനപക്ഷികളെയാണ് ഓര്‍മ വരിക. ഉയരം കുറഞ്ഞു മെലിഞ്ഞു നെഞ്ചുന്തിയ ശരീരപ്രകൃതി കൊണ്ടും, കൈകള്‍ വിടര്‍ത്തി എന്നാല്‍ വലുതായി വീശാതെയുള്ള നടത്തത്തിന്റെ പ്രത്യേകത കൊണ്ടും തോന്നുന്ന വെറും സാദൃശ്യം മാത്രമായിരുന്നില്ല അത്. ഞങ്ങള്‍ക്ക് ബാവക്കുട്ടി ഒരു ദേശാടനക്കിളി തന്നെയായിരുന്നു.



കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന മൂന്നു കൊല്ലവും കൃത്യമായ ഇടവേളകളില്‍ ബാവക്കുട്ടി വന്നുകൊണ്ടിരുന്നു. കിട്ടാനുള്ള പേപ്പറുകള്‍ എഴുതാനുള്ള വരവാണ്. സത്യത്തില്‍ ബാവക്കുട്ടി ഞങ്ങളെക്കാള്‍ എത്ര കൊല്ലം സീനിയറാണെന്നോ, എത്ര പേപ്പറുകള്‍ എഴുതിയെടുക്കാനുണ്ടെന്നോ ആരും അന്വേഷിച്ചില്ല. പരീക്ഷാസീസണ്‍ അടുത്തെത്തിയാല്‍ തോളിലൊരു എയര്‍ബാഗുമായി ബാവക്കുട്ടി ഹോസ്റ്റലില്‍ പ്രത്യക്ഷപ്പെടും. പ്രത്യേകിച്ച് ഒരു സുഹൃത്ത്‌ ബാവക്കുട്ടിക്ക് അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും ചങ്ങാതിക്ക് ഒരിടമില്ലാത്ത മുറികള്‍ ആ ഹോസ്റ്റലില്‍ കുറവായിരുന്നു. കുട്ടികളുടെതിനേക്കാള്‍ നിഷ്കളങ്കമായ ചിരിയേയും, കലര്‍പ്പില്ലാത്ത സ്നേഹത്തെയും ആര്‍ക്കാണ് വേണ്ടെന്നു പറയാനാവുക?

ബാവക്കുട്ടി ഹോസ്റ്റല്‍ ജീവിതത്തില്‍ അലിഞ്ഞു ചേര്‍ന്നു എന്നതിനേക്കാള്‍, ഹോസ്റ്റല്‍ ബാവക്കുട്ടിയെ കൊണ്ട് നിറഞ്ഞു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. പച്ചവെള്ളം നിറച്ച ഗ്ലാസില്‍ ഒരു തുള്ളി ചോര അലിയുന്നത് പോലെ ഊഷ്മളമായിരുന്നു ആ ലയനം. ഈയാമ്പാറ്റകളെ പോലെ കൂട്ടുകാര്‍ അയാളെ എപ്പോഴും പൊതിഞ്ഞു. എങ്കിലും, മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ ദൃഡമായ ഒരു ആത്മബന്ധം ഞാനും ബാവക്കുട്ടിയും തമ്മില്‍ നില നിന്നിരുന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. ഇങ്ങനെ വിചാരിക്കുന്ന മറ്റു ചിലരെയും എനിക്കറിയാം.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ആ വാര്‍ത്ത പരക്കുന്നത്.

"ബാവക്കുട്ടി മറ്റുള്ളവരുടെ മനസ്സ് വായിക്കുന്നു."

അതെ. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും മനസ്സില്‍ വിചാരിക്കാം. ബാവക്കുട്ടി അത് വെളിപ്പെടുത്തും. പക്ഷെ, വിചാരിക്കുന്നത് തെളിമയോടെയാവണം. മനസ്സ് വായിക്കുന്നവരെ പോലും കുഴയ്ക്കുന്ന തരത്തില്‍ ചിന്തിക്കുന്ന ഭീകരന്മാര്‍ വരണമെന്നില്ല.

ഒരൊറ്റ ദിവസം കൊണ്ട് ബാവക്കുട്ടി അഞ്ചു പേരുടെ മനസ്സ് വായിച്ചു. അഞ്ചും കിറുകൃത്യം. ബാവക്കുട്ടി ഒരു കറക്കുകമ്പനി നടത്തുകയാണെങ്കില്‍ അതിനു നിന്നു കൊടുക്കാന്‍ സാധ്യതയില്ലാത്തത് ഇക്കൂട്ടത്തില്‍ ഷിറാസ് മാത്രം.

ഈ ആളെ പറ്റിക്കുന്ന ഇടപാടില്‍ അവന്റെ താല്പര്യം എന്താണെന്ന് ഞാന്‍ ഷിറാസിനോട് ചോദിച്ചു.

"മിണ്ടാതെ പോടേ. ഇവിടെ ഒരുത്തന്റെ തല കറങ്ങുന്നു...അപ്പോഴല്ലേ അവന്റെ..."

ഇത്രയൊന്നും ഭംഗിയായി ഷിറാസിനു അഭിനയിക്കാന്‍ കഴിയില്ല. എന്തോ കാര്യമുണ്ട്.

ഒരു തമാശ പോലെയാണ് ഷിറാസ് ആദ്യം എടുത്തത്‌. "ഞാന്‍ നിന്റെ മനസ്സ് വായിക്കട്ടെ" എന്ന് പറഞ്ഞു മെസ്സ് ഹാളില്‍ വെച്ച് ബാവക്കുട്ടി കൂടെക്കൂടി. വിശ്വാസമില്ലെങ്കിലും ഒരു രസത്തിനു ഷിറാസ് മനസ്സില്‍ ഒരു കാര്യം വിചാരിച്ചു. വള്ളിപുള്ളി വിടാതെ ബാവക്കുട്ടി അത് പറയുകയും ചെയ്തു.

"അതവിടെ നിക്കട്ടെ. നീയെന്താണ് വിചാരിച്ചത്?"

"അത് പിന്നെ..., ലവളെയും കൊണ്ട് ലോര്‍ഡ്സില്‍....."""''

"മിണ്ടരുത്. ഈ ഹോസ്റ്റലില്‍ ഏതു കുഞ്ഞിനോട് ചോദിച്ചാലും നിന്റെ മനസ്സിലിരിപ്പ് ഇതായിരിക്കുമെന്ന് പറയും. ഒരു ബാവക്കുട്ടി വന്നിരിക്കുന്നു..."

അന്വേഷിച്ചപ്പോള്‍ എല്ലാവരുടെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെ. ഞാന്‍ വിഷയം വിട്ടു. എങ്കിലും ഈ ടെലെപതി മാഹാത്മ്യം പറഞ്ഞു നടക്കുന്നവരെ കിട്ടുന്നിടത്ത് കളിയാക്കാന്‍ ഒരു മടിയും തോന്നിയില്ല.

അന്ന് രാത്രി ഞാന്‍ ഒരു സുഹൃത്തിന്റെ എഴുത്ത് വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവന്റെ എഴുത്തുകള്‍ അങ്ങനെയാണ്. എത്ര വായിച്ചാലും മതി വരില്ല. എഴുത്തിന്റെ ഒടുവില്‍ കവിത പോലെ എന്തോ കുറിച്ചിട്ടിരിക്കുന്നു.

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

ആരാധനയോടും അല്പം അസൂയയോടും കൂടി ആ വരികള്‍ വീണ്ടും വീണ്ടും വായിക്കുമ്പോള്‍, ബാവക്കുട്ടി കയറി വന്നു. ചുവന്നു തുടുത്ത മുഖം. ദ്വേഷ്യത്തിലാണോ?

"നിനക്ക് അറിയാവുന്ന ഒരുപാട് കാര്യങ്ങളുണ്ടാവും. നിനക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങള്‍ അതിനേക്കാള്‍ കൂടുതലും. ഏതെങ്കിലും ഒരു കാര്യം നിന്റെ യുക്തിക്ക് മനസ്സിലാവുന്നില്ലെങ്കില്‍ അത് നിന്റെ യുക്തിയുടെ തകരാറ് ആയിക്കൂടെ? അതിനു പകരം മറ്റുള്ളവരെ പരിഹസിക്കുന്ന നീയാണ് മരമണ്ടന്‍ എന്ന് ഞാന്‍ തെളിയിച്ചു തരാം . കാണണോ?"

"കാണണം"

"കണ്ടു കളയാം...പക്ഷെ എനിക്ക് നിന്നെ ഭയങ്കരവിശ്വാസമാണ് എന്നറിയാമല്ലോ? ഇനിയിപ്പോ ഞാന്‍ ശരിയായി പറഞ്ഞാലും നീയത് നിഷേധിക്കും. അതുകൊണ്ട് മനസ്സില്‍ വിചാരിക്കുന്ന ഏര്‍പ്പാട് വേണ്ട. എഴുതി വെക്കണം."

അങ്ങനെയാവട്ടെ. താഴത്തെ പേജുകളില്‍ ഒന്നും പതിയാത്ത തരത്തില്‍, പുസ്തകത്തില്‍ നിന്നും പേജ് കീറി മേശപ്പുറത്തു വച്ച് എഴുതണം. ജയിക്കുമെന്ന് ഉറപ്പുള്ള ഒരു കളി തുടങ്ങും പോലെ എഴുതിത്തുടങ്ങി.

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

ശരിക്കും ഓര്‍മയില്ല. കിട്ടാത്ത ഭാഗങ്ങള്‍ അവനോടു മനസ്സില്‍ ക്ഷമ ചോദിച്ചു സ്വയം പൂരിപ്പിച്ചു. പത്തു വരിയോളം എഴുതി. ഇത്രയും മതി.

"കഴിഞ്ഞു"

"അത് മടക്കി നിന്റെ തന്നെ പോക്കെറ്റില്‍ ഇട്ടോളൂ. എന്നിട്ട് കണ്ണടച്ച് വെളുത്ത്‌ ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍ മനസ്സില്‍ വിചാരിക്കുക."

ബാവക്കുട്ടി കട്ടിലില്‍ ആണ് ഇരിക്കുന്നത്. ഞാന്‍ മേശയോട്‌ ചേര്‍ന്ന കസേരയിലും...നാല് മീറ്ററോളം ദൂരമുണ്ട്. കണ്ണടച്ചാലും കുഴപ്പമില്ല. ബാവക്കുട്ടി കട്ടിലില്‍ നിന്നെഴുന്നേറ്റാല്‍ ശബ്ദം കൊണ്ടറിയും.

"വെളുത്ത്‌ ചതുരാകൃതിയിലുള്ള ഒരു സ്ക്രീന്‍ ....വിചാരിച്ചോ?"

"വിചാരിച്ചു."

"ഇനി വെളുത്ത സ്ക്രീനില്‍ ഒരു കറുത്ത ഒന്ന് വിചാരിക്കൂ"

"ശരി"

"ഒന്ന് കഴിഞ്ഞാല്‍ രണ്ട്..., പിന്നെ മൂന്ന്... എന്നിങ്ങനെ ക്രമത്തില്‍ വിചാരിക്കണം. ഞാന്‍ നിര്‍ത്താന്‍ പറയുന്നത് വരെ. ഇരുപതു എത്തുന്നതിനു മുന്‍പ് നിര്‍ത്താന്‍ പറഞ്ഞില്ലെങ്കില്‍ ഞാന്‍ തോറ്റു പോയി എന്നാണര്‍ത്ഥം."

"സമ്മതിച്ചു"

ഒന്ന്...രണ്ട്...മൂന്ന്...പതിമ്മൂന്നു എത്തിയപ്പോള്‍ ബാവക്കുട്ടി നിര്‍ത്താന്‍ പറഞ്ഞു.

"പതിമ്മൂന്നല്ലേ?"

"അതെ"

"ഇനി നീ മടക്കി പോക്കെറ്റില്‍ ഇട്ടിരിക്കുന്നതെടുത്തു മനസ്സില്‍ വായിക്ക്. ശബ്ദം വേണ്ട"

ഞാന്‍ മനസ്സില്‍ വായിക്കാന്‍ തുടങ്ങി. ഭ്രാന്തു പിടിച്ച പോലെ ബാവക്കുട്ടി എഴുതാനും. എഴുതി തീര്‍ന്നപ്പോള്‍ പേപ്പര്‍ എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു വാതില്‍ വലിച്ചടച്ചു പുറത്തേക്കു പോയി.

ഞാന്‍ എടുത്തു വായിച്ചു. എന്തൊരു എഴുത്താണിത്? ഏതു ലിപി? ചില അക്ഷരങ്ങള്‍ വളരെ വലുത്. ചിലത് കുറുകിയത്... കൈയ്യൊടിഞ്ഞതും, കാലോടിഞ്ഞതുമായ അക്ഷരങ്ങള്‍ വേറെ. എഴുതി എന്നതിനേക്കാള്‍ വരച്ചു വെച്ച മാതിരിയുണ്ട്. വായിക്കാന്‍ വല്ലാതെ കഷ്ടപ്പെടണം.

ഞാന്‍ അക്ഷരങ്ങള്‍ പെറുക്കിക്കൂട്ടി പതുക്കെ വായിച്ചു:

"രക്തസേചിതമായ പ്രണയവൃക്ഷമേ..."

വിശ്വസിക്കാന്‍ കഴിയുന്നില്ല. വാക്കുകള്‍ ഏതോ പ്രേതലോകത്തു നിന്ന് വന്നുവീണത്‌ പോലെ ആ പേപ്പറില്‍ ചിതറിക്കിടക്കുന്നു. അവ എന്നെ പരിഹസിച്ചു കൊണ്ട് ആര്‍ത്തട്ടഹസിക്കുന്ന പോലെയും, നൃത്തം വെയ്ക്കുന്ന പോലെയും തോന്നി.

യുക്തിബോധം വീണ്ടെടുക്കാന്‍ കുറച്ചു സമയമെടുത്തു. ഇനി ഞാനില്ലത്താപ്പോഴെങ്ങാന്‍ ബാവക്കുട്ടി ആ എഴുത്ത് വായിച്ചു കാണുമോ? ഇല്ല. ഞാന്‍ ഇതെഴുതുമെന്നുള്ള യാതൊരു സൂചനയുമില്ല. ബാവക്കുട്ടി എഴുതിയതാവട്ടെ ഞാന്‍ വരുത്തിയ തെറ്റുകള്‍ പോലും വള്ളിയോ പുള്ളിയോ വിടാതെ.

ബാവക്കുട്ടിയുടെ ഈ മനസ്സ് വായന ഷിറാസ്നു സമ്മാനിച്ചത് വെറുമൊരു തലകറക്കം മാത്രമായിരുന്നു. എന്നാല്‍ എനിക്കോ? ജീവിതത്തില്‍ അതുവരെ പുലര്‍ത്തിപ്പോന്ന ജീവിതശൈലിയും മനോനിലയും ഒറ്റയടിക്ക് ആ ഷോക്ക്‌ ട്രീറ്റ്‌മെന്റ് തകിടം മറിച്ചു. സാമാന്യയുക്തിക്ക് നിരക്കാത്ത കാര്യങ്ങള്‍ പോലും തള്ളിക്കളയാനുള്ള ധൈര്യം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല. പിന്നീട്  ഒരു കാര്യത്തിലും ഉറച്ചു വിശ്വസിച്ചിട്ടുമില്ല, ഉറച്ചു അവിശ്വസിച്ചിട്ടുമില്ല.

ഒരു സംശയം മാത്രം ബാക്കി. ഇയാളെന്തിനാണ് ആറാറു മാസം കൂടുമ്പോള്‍ പരീക്ഷയെന്നും പറഞ്ഞു പറന്നു വരുന്നത്? അടുത്തിരിക്കുന്ന ഏതെന്കിലും തലേക്കല്ലന്റെ മനസ്സൊന്നു വായിച്ചാല്‍ പോരെ? ഞാനത് ബാവക്കുട്ടിയോടു ചോദിക്കുകയും ചെയ്തു.

"ആരുടെ മനസ്സാണോ വായിക്കേണ്ടത് അയാളുടെ സഹായം കൂടാതെ എനിക്ക് ഒന്നിനും കഴിയില്ല. മറ്റുള്ളവരുടെ മനസ്സറിയാനുള്ള കഴിവ് എല്ലാ മനുഷ്യര്‍ക്കും ഉള്ളതാണ്. നിനക്ക് പോലുമുണ്ട്. നാമെല്ലാം നിത്യേന അറിഞ്ഞോ അറിയാതെയോ ഒരുപാട് പേരുടെ മനസ്സ് വായിക്കുന്നു. ഒന്നഭ്യസിച്ചാല്‍ ആര്‍ക്കും വികസിപ്പിക്കാവുന്ന ഒരു ചെറിയ ടെക്നിക് മാത്രമാണിത്. പക്ഷെ ഒരിക്കലും ഇതൊരു മാജിക്കല്ല."

ബാവക്കുട്ടി പറഞ്ഞു:

"എന്നുവെച്ചു ഞാനൊരു പോങ്ങനാണ് എന്നൊന്നും നീ വിചാരിക്കണ്ട. പരീക്ഷ ജയിക്കാനുള്ള കുതന്ത്രമൊക്കെ ഈ ബുദ്ധിയില്‍ എപ്പോഴേ വിരിഞ്ഞു കഴിഞ്ഞു."

"ങേ.."

"അതേന്നേ. കുറച്ചു ചിലവുണ്ട്. തൃശ്ശൂരടുത്ത് ഒല്ലൂര്‍ എന്നൊരു സ്ഥലം അറിയുമോ? അവിടെ കുട്ടിച്ചാത്തനെ വാടകയ്ക്ക് കിട്ടും. ഒരെണ്ണത്തിനെ വാങ്ങിച്ചു യൂനിവേര്‍സിറ്റിയില്‍ കടത്തിവിട്ടാല്‍ മതി. ചോദ്യപേപ്പര്‍ അടിച്ചു കൊണ്ടിങ്ങു വരും. തല്‍ക്കാലം വേറെയാരും അറിയണ്ട"

"ഞാനായിട്ട് പുറത്തു പറയില്ല. ആരും മനസ്സ് വായിക്കാതിരുന്നാല്‍ മതി"

എന്റെ കണ്ണുകള്‍ അറിയാതെ മുറിയിലെ വാതിലിനു മുകളിലെ വെന്റിലേറ്ററില്‍ ചെന്നുനിന്നു. ഹോസ്റ്റല്‍ മുറികളുടെ ട്രേഡ് മാര്‍ക്കാണ് മൂന്നു ഇരുമ്പഴികള്‍ വീതമുള്ള വെന്റിലെട്ടരുകള്‍. എല്ലാത്തിന്റെയും അഴികള്‍ ഒരാള്‍ക്ക്‌ ചാടി അകത്തു കടക്കാന്‍ പാകത്തില്‍ വളച്ചു വെച്ചിട്ടുണ്ടാവും. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള ഹോസ്റ്റലിലെ ഈ അഴികള്‍ ആരാണ് വളച്ചുവെച്ചതെന്നോ, എന്തിനാണ് അത് ചെയ്തതെന്നോ ചോദിക്കരുത്. അടച്ചു തഴുതിട്ട വാതിലിനു മുകളില്‍ കൂടി വര്‍ഷങ്ങള്‍ക്കു മുന്‍പേ തുടങ്ങിയ സഞ്ചാരം മിക്കവാറും മുറികളില്‍ ഇപ്പോഴും നിര്‍ബാധം തുടര്‍ന്നു കൊണ്ടിരിക്കുന്നു.

യൂനിവേര്‍സിറ്റിയില്‍ ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാവുമോ? എന്തൊക്കെയാണ് ഈ ചങ്ങാതി ഇനി ഒപ്പിക്കാനിരിക്കുന്നത്?

കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഹോസ്റ്റല്‍ പരീക്ഷാച്ചൂടിലേക്ക് വീണു. പരീക്ഷച്ചൂടെന്നു ഒരു പതിവുശൈലിയില്‍ പറഞ്ഞെന്നേയുള്ളൂ. ഈ സീസണിലെ ഹോസ്റ്റല്‍ എപ്പോഴും തണുത്തു മരവിച്ചിരിക്കുന്ന പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരും അവരവരുടെ മുറികളിലേക്കും, പുസ്തകങ്ങളിലേക്കും പിന്‍വലിഞ്ഞു. നിശബ്ദതയുടെ ഒരു പുതപ്പെടുത്തു പുതച്ച പോലെ ഹോസ്റ്റല്‍! ഇതിനിടയിലെപ്പോഴോ ബാവക്കുട്ടിയുടെ കുട്ടിച്ചാത്തനെ ഞാന്‍ മറന്നു പോയി.

പരീക്ഷകള്‍ തുടങ്ങി. പല വര്‍ഷങ്ങളിലും, ബ്രാഞ്ചുകളിലും ഉള്ളവര്‍ക്ക് പല സമയത്താണ് പരീക്ഷകള്‍. പഠനം എന്നത് ഒരു സീസണല്‍ ഏര്‍പ്പാടായതുകൊണ്ട് ഓടിയെത്തിക്കാന്‍ ഇത്തിരി പണിയാണ്. മിക്കവാറും പരീക്ഷാത്തലേന്ന് ഉറങ്ങാന്‍ കഴിയാറില്ല. ഇത്തവണ കുറച്ചു വ്യത്യാസമുണ്ട്. വെളുപ്പിന് നാല് മണിയായിരിക്കുന്നു. ഏതാണ്ടൊക്കെ പഠിച്ചു തീര്‍ന്നു. നാലരയ്ക്ക് ഒന്ന് കണ്ണ് വലിക്കണം. ആറരയ്ക്ക് തട്ടിവിളിക്കണമെന്ന് സൂരജിനെ ഏല്പിച്ചിട്ടുണ്ട്. എല്പിചില്ലെങ്കിലും എന്റെ ഉറക്കം അറിയാവുന്നത് കൊണ്ട് അവനതു ചെയ്യും.

"ടക്...ടക്...ടക്..."

വാതിലില്‍ ആരോ ശക്തിയായി തട്ടുന്നു. മുട്ടുന്നതല്ല. ചവുട്ടിപ്പൊളിക്കുന്ന പോലെ. സൂരജ് ഇത്ര നേരത്തെയോ? അവന്‍ ഒരിക്കലും ഇങ്ങനെ തട്ടില്ല. ഒറ്റയടിക്ക് ഉറക്കെ വിളിക്കുക പോലുമില്ല.

ഞാന്‍ എഴുന്നേറ്റു ചെന്ന് വാതില്‍ തുറന്നു - ബാവക്കുട്ടി!!

പിടിച്ചില്ലെങ്കില്‍ വീണു പോകുമെന്ന പ്രതീതി. മുഖത്ത് ഒരു തുള്ളി ചോരയില്ല. ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ വിയര്‍ത്തു ഒട്ടിയിരിക്കുന്നു. ഷര്‍ട്ട്‌ മാത്രമല്ല, ഉടുത്തിരിക്കുന്ന ലുങ്കിയും... എന്തിനു, തലമുടി വരെ.

ഞാന്‍ താങ്ങിപ്പിടിച്ചു കൊണ്ടുവന്നു കട്ടിലില്‍ ഇരുത്തി. ഒരു ഗ്ലാസ്‌ വെള്ളം കൊടുത്തപ്പോഴേക്കും കിടക്കയിലേക്ക് മറിഞ്ഞുവീണ് ഉറക്കം തുടങ്ങി.

അപ്പോള്‍ എന്റെ ഉറക്കം കസേരയില്‍ തന്നെ. ബാവക്കുട്ടിക്കു എന്തുപറ്റി? ആകെ പേടിച്ചിരിക്കുന്നു. ആരോ ഇട്ടോടിച്ച പോലുണ്ട്. എനിക്ക് പെട്ടെന്ന് കുട്ടിച്ചാത്തനെ ഓര്‍മ വന്നു. ഇന്ന് രാത്രി തന്നെ പോലീസ് എത്തുമോ?

ഏതായാലും ഞാന്‍ കസേരയില്‍ ഇരുന്നു ഒന്നുറങ്ങി. അത്ര സുഖമുള്ള ഉറക്കമൊന്നും ആയിരുന്നില്ല അത്. ബാവക്കുട്ടി നിര്‍ത്താതെ പിച്ചും പേയും പറയുന്നു. ഏതായാലും നേരമൊന്നു വെട്ടം വെച്ചപ്പോള്‍, ബക്കറ്റും, തോര്‍ത്തും, ബീഡിപ്പൊതിയും മറ്റുമെടുത്തു പുറത്തേക്കിറങ്ങുന്നതിനു മുന്‍പ് ബാവക്കുട്ടിയെ കുലുക്കി വിളിച്ചു ഞാന്‍ വിവരം ചോദിച്ചു.

"എടാ അത് പിന്നെ, നമ്മുടെ അലിയുടെ റൂമില്ലേ....ഞാന്‍ നോക്കിയപ്പോള്‍, അതില്‍ നിന്നും അലിയുടെ പാന്റും ഷര്‍ട്ടുമിട്ട്  ഒരു ജിന്ന് ഇറങ്ങിപ്പോവുന്നു... അപ്പൊ ശരി, നമുക്ക് പിന്നെ സംസാരിക്കാം..."

എനിക്ക് ശരിക്കും ദ്വേഷ്യം വന്നു. എന്റെ വിലപ്പെട്ട ഉറക്കം ഈ അരക്കിറുക്കന്‍ കാരണം... കണ്ട ഭാവം നടിക്കാതെ ബാവക്കുട്ടി വീണ്ടും ഉറക്കത്തിലേക്ക്‌...

ഹോസ്റ്റലിലെ കുളിമുറികളിലും, കക്കൂസുകളിലും വെള്ളം വരാതായിട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട് കുളിയും പല്ലുതേപ്പുമൊക്കെ പുറത്തെ ഒരു വാട്ടര്‍ ടാങ്കിനു ചുറ്റുമാണ്. ആണുങ്ങളുടെ കുളിസീന്‍ വിവരിക്കുന്നത് അരോചകമായത് കൊണ്ട് ഒരു കാര്യം മാത്രം പറയാം. അലത്തറയിലേക്കും തിരിച്ചും പോയിരുന്ന സിറ്റി ബസുകളുടെ ജനല്‍ ഷട്ടറുകള്‍ ഹോസ്റ്റലിനടുത്തെത്തുമ്പോള്‍ താഴ്ത്തിയിടാറാണ് പതിവ്.

ഞാന്‍ കുളിക്കാന്‍ എത്തിയപ്പോള്‍ തന്നെ അത്യാവശ്യം തിരക്കുണ്ടായിരുന്നു. തണുത്ത വെള്ളവും, പുലര്‍ച്ചെയുള്ള തമാശകളും എന്തുന്മേഷമാണ് തരുന്നത്! എന്നാല്‍ ഇന്നത്തെ ഈ ഉത്സാഹത്തിനു ഒരു പ്രത്യക കാരണം കൂടിയുണ്ട്. മിക്കവര്‍ക്കും ഇന്നത്തേത് കഴിഞ്ഞാല്‍ കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാണ് അടുത്ത പരീക്ഷ. അപൂര്‍വ്വം ചിലര്‍ക്ക് നാളെയുമുണ്ട്. നാളെ വൈകുന്നേരം ശൂദ്രന്മാരുമായി ഫുട്ബോള്‍ മാച്ച്. വടക്കേ ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ സ്കോളര്‍ഷിപ്പില്‍ പഠിക്കാന്‍ വരുന്ന ഇവര്‍ക്ക് രാഷ്ട്രീയത്തിലും, ഉദ്യോഗസ്ഥതലത്തിലും നല്ല സ്വാധീനമാണ്. പിന്നെ ശൂദ്രനെന്ന വിളിപ്പേര് എങ്ങനെ കിട്ടിയെന്നു ചോദിച്ചാല്‍ ഊഹിക്കൂ എന്ന് മാത്രമാണ് മറുപടി.

മിക്കവര്‍ക്കും നാളത്തെ കളിയെ കുറിച്ച് മാത്രമേ സംസാരിക്കാനുള്ളൂ. വെല്ലുവിളികള്‍ പലതു നടന്നു കഴിഞ്ഞു. തോറ്റാല്‍ സ്ഥലം വിടണോ, അടിയുണ്ടാക്കണോ എന്നതാണ് പ്രധാന ചര്‍ച്ച. അപ്പോഴാണ്‌ വായ നിറച്ചു പതയും കടിച്ചു പിടിച്ച ബ്രഷുമായി സ്ലോ മോഷനില്‍ അലി പ്രത്യക്ഷപ്പെട്ടത്. എനിക്ക് ഒരൊറ്റ നോട്ടമേ നോക്കാന്‍ കഴിഞ്ഞുള്ളു. ചിരിച്ചു പോയി. അലിയുടെ വേഷത്തില്‍ ബാവക്കുട്ടി  ജിന്നിനെ കണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ എന്താണുള്ളത്? ഇത് വെറും ജിന്നല്ല; ജിന്നുകളുടെ തമ്പുരാന്‍..!!

ചുറ്റുമുള്ളവരോട് ഞാന്‍ അല്പം മുന്‍പ് നടന്ന കാര്യങ്ങള്‍ വിവരിച്ചു. അവനവന്റെ ഭാവനയ്ക്ക് തോന്നുന്ന രീതിയില്‍ എരിവും പുളിയും ചേര്‍ത്ത തമാശകളുടെ ഘോഷയാത്രായിരുന്നു പിന്നീട്. എന്നാല്‍ അലി ഒരു പിശാച് ആണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇതെല്ലാം കേട്ടു വെല്ലുപ്പ പെരുന്നാളിന് പള്ളിയില്‍ പോകാത്ത പഴയ കഥയോര്‍ത്തു, ചെറുചിരിയോടും എന്നാല്‍ പെരുത്ത്‌ അഭിമാനത്തോടും കൂടി അലി അവിടെയൊക്കെ ഉലാത്തിക്കൊണ്ടിരുന്നു. തിരിച്ചു ഒന്നുരിയാടുക പോലും ചെയ്യാതെ.

പരീക്ഷ വലിയ കുഴപ്പമില്ലായിരുന്നു. എങ്കിലും ഒരു വല്ലായ്മ.  അലിയെ ജിന്ന് ബാധിച്ച കഥ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയുന്നില്ല. സത്യത്തില്‍ ബാവക്കുട്ടി ഏതു കുരുക്കിലാണ് ചെന്ന് ചാടിയിരിക്കുന്നത്. ഹാളില്‍ നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ കേള്‍ക്കാനിഷ്ടമില്ലാത്ത ഒരു വാര്‍ത്തയും കാത്തു നില്‍ക്കരുതേ.

പുറത്തേക്കിറങ്ങിയതും കണ്മുന്നില്‍ ബാവക്കുട്ടി. എയര്‍ ബാഗ്‌ കൈയ്യിലെടുത്തിട്ടുണ്ട്. എവിടെക്കാണാവോ യാത്ര! ഞങ്ങള്‍ ഒരുമിച്ചു നടന്നു. ബാവക്കുട്ടി നടക്കുന്നിടത്തേക്ക് ഞാന്‍ കൂടെച്ചെന്നു എന്ന് പറയുന്നതായിരിക്കും ശരി. താഴത്തെ കടയില്‍ നിന്നും എനിക്ക് ഒരു നാരങ്ങാവെള്ളവും വില്‍സും വാങ്ങിത്തന്നു. ബാവക്കുട്ടിയെ പോലെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഇത്രയും ക്ഷമ ഞാന്‍ ഒരിക്കലും കാണിക്കില്ലായിരുന്നു.

"വലിയ തമാശക്കാരന്‍ ആവരുതെന്നു ഞാന്‍ നിന്നോട് മുന്‍പും പറഞ്ഞിട്ടുണ്ട്."

പടച്ചോനെ, അടുത്ത ഒരു ഷോക്ക്‌ ട്രീറ്റ്‌മെന്റ് ആണോ വരുന്നത്?

"നിനക്കെന്തറിയാം? ഭൂതപ്രേതപിശാചുക്കളുടെ ഒരു വിഹാരരംഗമാണ് നമ്മുടെ ഹോസ്റല്‍"''

"ബാവക്കുട്ടി പറയൂ..." ഞാന്‍ വിനയാന്വീതനായി "ഇന്നലെ എന്താണുണ്ടായത്?"

ബാവക്കുട്ടി സംഭവം വിവരിച്ചു. ഇന്നലെ രാത്രി അലിയുടെ മുറിയിലാണ് കിടന്നുറങ്ങിയത്. എപ്പോഴോ, വലിയ ശബ്ദം കേട്ടുണര്‍ന്നു. അലി ഉറക്കെ പാട്ട് വെച്ചിരിക്കുകയാണ്. അതും തമിഴ് പാട്ട് - "ഒട്ടകത്തെ കെട്ടിക്കോ..കെട്ടിയാടി..." എന്നിട്ട് അലി പാന്റും ഷര്‍ട്ടും ഇട്ടു ഡാന്‍സ് ചെയ്യുന്നു. പാട്ട് തീരുമ്പോള്‍ അത് തന്നെ റീ വൈന്‍ഡു ചെയ്തു വീണ്ടും വെക്കും. കുറെ നേരമായി ഈ കളി തുടങ്ങിയിട്ട്. ചെയ്യുന്നത് അലി ആയതു കൊണ്ടു പാതിരാത്രി തമിഴ് പാട്ടിട്ടു ഒറ്റയ്ക്ക് ഡാന്‍സ് ചെയ്യുന്നതിനെ അസ്വഭാവീകമായി കാണേണ്ടതില്ല. പാതി മയക്കത്തില്‍ ബാവക്കുട്ടി ഇത് സഹിച്ചു കൊണ്ടു കിടന്നു. പെട്ടെന്ന് ശബ്ദം നിലച്ചു. അലി സ്തബ്ദനായി ഒരു നിമിഷം നിന്നു. എന്നിട്ട് വാതില്‍ തുറന്നു പുറത്തേക്കു ഇറങ്ങിയോടി. അടുത്ത നിമിഷം മുണ്ടും ടി ഷര്‍ട്ടും ധരിച്ച അലി മുറിയിലേക്ക് കയറി വന്നു. വന്നയുടനെ അടുത്ത കട്ടിലില്‍ കയറി കിടക്കുകയും ചെയ്തു. കൂര്‍ക്കം വലി തുടങ്ങിയപ്പോള്‍ ബാവക്കുട്ടി ഇറങ്ങി ഓടി. ആ വരവാണ് എന്റെ മുറിയില്‍ വന്നു നിന്നത്.

"ആ ഡാന്‍സ് ചെയ്തത് അലിയല്ല.  അതൊരു ജിന്നായിരുന്നു. വേറെയും പിശാചുക്കള്‍ ഇവിടെ കറങ്ങി നടപ്പുണ്ട്."

"കുട്ടിച്ചാത്തനെ കിട്ടിയോ?" ഞാന്‍ ചോദിച്ചു " ഇത്തവണ തന്നെ എല്ലാ പേപറുകളും കിട്ടിയാല്‍ ബാവക്കുട്ടി പിന്നെ ഈ വഴിക്ക് ഇനി വരില്ലായിരിക്കും "

"അതൊന്നും നടന്നില്ല. മാത്രവുമല്ല, മനുഷ്യര്‍ക്ക്‌ നിയന്ത്രിക്കാവുന്ന വെറും അടിമകള്‍ മാത്രമാണ്കുട്ടിച്ചാത്തന്മാര്‍. അമാനുഷീക ജീവികള്‍ കറങ്ങി നടക്കുന്ന സ്ഥലത്തേക്ക് അവരെ കൊണ്ട് വന്നാല്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കില്ല. വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു."
ബാവക്കുട്ടി നെടുവീര്‍പ്പിട്ടു.
"ഞാനിനി അങ്ങോട്ടില്ല. രണ്ടാഴ്ച കഴിഞ്ഞേ എക്സാം ഉള്ളൂ. തിരിച്ചു വന്നിട്ട് ഏതെങ്കിലും ലോഡ്ജില്‍ മുറിയെടുക്കും. നീ വേണം എല്ലാവരെയും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍. പ്രേതങ്ങളുമായാണ് കളി എന്ന ഓര്‍മ വേണം."

തല്‍ക്കാലം ശൂദ്രന്മാരുമായുള്ള കളിയാണ് പ്രധാനം. എങ്കിലും രാത്രി ഭക്ഷണത്തിന് ശേഷം മെസ്സ് ഹാളിനു പുറത്ത് നാളത്തെ കളിയെക്കുറിച്ചുള്ള അടവുതന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്ന ജനാവലിയെ അഭിസംബോധന ചെയ്തു ബാവക്കുട്ടി പറഞ്ഞ വിവരങ്ങള്‍ ഞാന്‍ അവതരിപ്പിച്ചു. പ്രതീക്ഷിച്ചതിനു വിപരീതമായി അവിടെ ഒരു പൊട്ടിച്ചിരിയോ, അനുബന്ധതമാശകളോ ഉണ്ടായില്ല. പറയുന്നത് നമ്മളെപ്പോലെ സാധാരണക്കാരന്‍ അല്ലല്ലോ. ബാവക്കുട്ടിയല്ലേ?

ഏതായാലും അലി തന്നെ ആയിരുന്നു അന്നത്തെ ചര്‍ച്ചയിലെ താരം. സാധാരണ ബാക്ക് കളിക്കുന്ന അലിയെ മിഡ്‌ ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന ആവശ്യത്തിന്മേല്‍ ഒരു തീരുമാനം ഇതുവരെ ആയിട്ടില്ല. അതിനിടയിലാണ് അലി  ജിന്നാണെന്നുള്ള പുതിയ വിവാദം.

അലിയുടെ ഒരൊറ്റ ഡയലോഗ് കൊണ്ട് ആ വിവാദം അവിടെ കെട്ടടങ്ങി.

"ആ കള്ളഹിമാറ് ബാവക്കുട്ടിക്കു മറ്റുള്ളോര്‍ടെ മനസ്സില്‍ കയറി നോക്കാമെങ്കില്‍ എനിക്കും ചിലതൊക്കെ പറ്റും. അലിയായാലും ശരി,   ജിന്നായാലും ശരി... ഞാനില്ലാതെ നാളത്തെ കളി നീയൊക്കെ കുറെ ഒലത്തും"

ശരിയാണ്. അലിയില്ലാതെ കളി ജയിക്കാന്‍ ബുദ്ധിമുട്ടാണ്. സത്യത്തില്‍ അലി വലിയ ചടുലതയുള്ള കളിക്കാരനൊന്നുമല്ല. എങ്കിലും പ്രതീക്ഷിക്കാത്ത നേരത്ത് അലിയുടെ ലോങ്ങ്‌ പാസ്സുകള്‍ പലപ്പോഴും ഗോളില്‍ കലാശിക്കാറാണ് പതിവ്. മാര്‍ക്കു ചെയ്യപ്പെടാതെ നില്‍ക്കുന്ന ഫോര്‍വേഡ്കളെ കണ്ടെത്താന്‍ കക്ഷിക്ക് നല്ല മിടുക്കാണ്. ഇതുകൊണ്ടാണ് അലിയെ മിഡ്‌ഫീല്‍ഡില്‍ കളിപ്പിക്കണം എന്ന പുതിയ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്. ഒടുവില്‍ "അലി ബാക്ക് തന്നെ..." എന്ന് ഫിറോസ്‌ ഖാന്‍ പറഞ്ഞതോടെ അക്കാര്യത്തിലും ഒരു തീരുമാനമായി. മലയാളികള്‍ പൊതുവേ ഗോളടി വീരന്മാര്‍ ആയതു കൊണ്ടാവും ഡിഫെണ്ടര്‍മാര്‍ക്ക് എപ്പോഴും ക്ഷാമം.

കളി തുടങ്ങി. ക്യാപ്റ്റന്‍ ഫിറോസ്‌ ഖാന്‍ തന്നെയാണ് ഗോള്‍ കീപര്‍.'. ദാവീദും ഗോലിയാത്തും തമ്മിലാണ് മത്സരം എന്ന് തോന്നും. ശൂദ്രന്മാരുടെ വലുപ്പത്തോടും, കരുത്തിനോടും അല്പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത് സെന്റര്‍ ഫോര്‍വേഡ് ഇരുമ്പന്‍ രാജേഷിനു മാത്രം. രാജേഷ്‌ എന്ന പേര് മിക്കവര്‍ക്കും അറിയില്ല. ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇരുമ്പനെ ഓര്‍ക്കാന്‍ ഒരു പേരിന്റെ ആവശ്യവുമില്ല.

കളി വളരെ പതുക്കെയാണ് നടക്കുന്നത്. പന്ത് മിക്കവാറും ശൂദ്രന്മാരുടെ കാലില്‍ തന്നെ. സ്റ്റാമിന ഇല്ലാത്ത ബ്ലഡി മലയാളീസ് ക്ഷീണിച്ചു കഴിയുമ്പോള്‍ കയറി പൂശാനാണ് പരിപാടി. എന്നാല്‍ പതിനാറാം മിനുട്ടില്‍ അലി നടത്തിയ ഒരൊറ്റ നീക്കം കളിയുടെ ഗതി മാറ്റി. ഫിറോസ്‌ തട്ടിക്കൊടുത്ത ഒരു ഗോള്‍ കിക്കുമായി അലി ഇടതു വിങ്ങിലൂടെ പതുക്കെ മുന്നോട്ട്... രണ്ടു ഫോര്‍വേഡ്കളെ ഡ്രിബിള്‍ ചെയ്തതോടെ അലിയുടെ മട്ടു മാറി. മിന്നല്‍ വേഗത്തില്‍ കോര്‍ണര്‍ ഫ്ലാഗിനടുത്തെക്ക്. തിരിച്ചു കിട്ടുമെന്നുറപ്പുള്ള രണ്ടു പാസ്സുകള്‍ ഒഴിച്ചാല്‍ കൃത്യമായ സെല്‍ഫ് പ്ലേ. കോര്‍ണറില്‍ നിന്ന് അലി അളന്നു മുറിച്ചു വിട്ട ക്രോസ്സില്‍ ഇരുമ്പന്‍ കാലുവെക്കുന്നതോടെ പന്ത് ശൂദ്രന്മാരുടെ പോസ്റ്റില്‍....'...

ഗോള്‍...!!!!'...!!

എന്നാല്‍ അതുണ്ടായില്ല. ഇരുമ്പന്‍ കാലുവെച്ചില്ല. ഇരുമ്പന് അബദ്ധം പറ്റിയെന്നാണ് ആദ്യം വിചാരിച്ചത്. നാല്പത്തി രണ്ടാം മിനുടിലെ അലിയുടെ അടുത്ത മാസ്മരീകപ്രകടനം വരെ. വര്‍ഷങ്ങള്‍ക്കു ശേഷം അലി ഒരു ഹാജിയാരാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. എന്നാല്‍ റുമേനിയയുടെ ഫുട്ബോള്‍ ഇതിഹാസം  ജോര്‍ജി ഹാജിയെ ഓര്‍മ്മിപ്പിക്കുന്ന ഒരു പാസ്‌ ആയിരുന്നു അലി അപ്പോള്‍ തൊടുത്തു വിട്ടത്. മാര്‍ക്കു ചെയ്യപ്പെടാതെ നിന്ന ഇരുമ്പന് മുന്‍പില്‍ തളികയില്‍ വച്ചെന്ന വണ്ണം അത് വന്നു വീണു. വലതു കാലു കൊണ്ട് സ്റ്റോപ്പ്‌ ചെയ്തു ഇടതു കാലു കൊണ്ട് ഒരു കിക്ക്. ഗോള്‍ കീപെര്‍ക്ക് നോക്കി നില്‍ക്കാനേ പറ്റൂ. എന്നാല്‍ അതും ഉണ്ടായില്ല.

"ഇരുമ്പന്‍ ഗോ ബാക്ക്" വിളികള്‍ ഉയര്‍ന്നു. ഉടനെ തന്നെ അതും നിലച്ചു. അതിനര്‍ത്ഥം ഇന്നു രാത്രി ഇരുമ്പന് ഇരുട്ടടി ഉറപ്പായി എന്നാണ്.

പക്ഷെ, ഞാനൊരിക്കലും ഇരുമ്പനെ കുറ്റപ്പെടുത്തില്ല. പുറത്തിരിക്കുന്നവര്‍ക്ക്  എന്ത് വേണമെങ്കിലും പറയാം. കൊടുക്കുന്നത് മനുഷ്യനാണോ പിശാചാണോ എന്നറിയാതെ പാസ്സുകള്‍ സ്വീകരിക്കുന്നത് എളുപ്പമല്ല.

ഏതായാലും ഹാഫ് ടൈമോടെ ഇരുമ്പനെ തിരിച്ചു വിളിക്കും. സബ്സ്റ്റിട്ട്യുട്ട് "ദിപ്പ ശരിയാക്കിത്തരാം" എന്ന മട്ടില്‍ ഗ്രൌണ്ടിനു ചുറ്റും ജോഗ് ചെയ്യുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അലിയെ ബെഞ്ചിലിരുത്താനാണ് ഫിറോസ്‌ തീരുമാനിച്ചത്. അലി കൂടി എത്തിയതോടെ ഇരുമ്പനെ എങ്ങനെ പൂശണം എന്ന ചര്‍ച്ച ചൂടു പിടിച്ചു.

"ഇരുമ്പനെയോര്‍ത്തു ഇവിടാരും തല പുകയ്ക്കണ്ട...അവന്റെ കാര്യം ജിന്നുകളുടെ ഉസ്താദിന് വിട്ടേക്ക്..." അലി പ്രഖ്യാപിച്ചു.

ഫിറോസിന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു രണ്ടാം പകുതി. ഇരുമ്പന്റെ മിന്നുന്ന രണ്ടു ഗോളുകള്‍... ശൂദ്രന്മാര്‍ കെട്ടു കെട്ടി.

എന്നാല്‍ ആര്‍ക്കു വേണം ഗോളുകള്‍? ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കളിയുടെ തിരക്കഥ അതിനോടകം രൂപപ്പെട്ടു കഴിഞ്ഞിരുന്നു.

ഇരുമ്പനെ തോളിലിരുത്തി വിജയാഹ്ലാദപ്രകടനമായി താഴത്തെ കടയിലേക്ക്. അലി നേരത്തെ സ്ഥലം വിട്ടിരുന്നു.അമ്മാവന്റെ കട വെടുപ്പാക്കുന്നതിനിടെ അലിയുടെ ദ്വന്ദവ്യക്തിത്വത്തെ കുറച്ചുള്ള കഥകളാണ് എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത്. ഒരേ സമയം ടി വി റൂമിലും മെസ്സ് ഹാളിലും പ്രത്യക്ഷപ്പെടുന്ന അലി. ക്ലാസ്സില്‍ തൊട്ടടുത്തിരുന്നു പഠിക്കുമ്പോള്‍ കോറിഡോറിലൂടെ നടന്നു പോവുന്ന അലി. എന്തിനു, ലൈബ്രറിയില്‍ പോലും അലിയെ കണ്ടവരുണ്ടത്രേ.

അല്‍പസമയത്തിന് ശേഷം അലിയും എത്തിച്ചേര്‍ന്നു. തിരിച്ചു പോവുമ്പോള്‍ നമ്മളടിച്ച രണ്ടു ഗോളുകളെ വാനോളം പുകഴ്ത്തിക്കൊണ്ടിരിക്കാന്‍ അലി ഒരു പിശുക്കും കാണിച്ചില്ല. ഇരുമ്പനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ പീഡ തന്നെ ആയിരുന്നു. ഹോസ്റെലിനു അടുത്തെത്തിയതോടെ വേഗം യാത്ര പറഞ്ഞു അവന്‍ സ്ഥലം വിട്ടു.

അതെ. ഇതാണ് എല്ലാവരും കാത്തിരുന്ന ആ നിമിഷം. ഇരുമ്പന്‍ കണ്മുന്നില്‍ നിന്ന് മറഞ്ഞതും അലി എതിര്‍ദിശയിലേക്ക് ഓടി. ഡി ബ്ലോക്ക്‌ വഴി കയറി ഇരുമ്പനെക്കാള്‍ മുന്‍പ് അവന്റെ റൂമിനടുത്തെത്തി. വെന്റിലെട്ടരിലൂടെ ചാടി മുറിയില്‍ പതുങ്ങിയിരുന്നു. ഇരുമ്പന്‍ വാതില്‍ തുറന്നു അകത്തു കടക്കുന്നതും അലി "ഹലോ" പറഞ്ഞു പുറത്തേക്കു പോകണം. എന്നിട്ടും അവന്‍ ചത്തില്ലെങ്കില്‍ അപ്പോള്‍ നോക്കാം.

വളരെ ആലോചിച്ചെടുത്ത ഈ തിരക്കഥ പാളുമെന്നു ഒരുത്തനും പ്രതീക്ഷിച്ചില്ല. എന്നാല്‍ ഭയം മനുഷ്യരെ കൊണ്ട് എന്തൊക്കെയാണ് ചെയ്യിക്കുന്നത്? ഇരുമ്പനും വാതില്‍ തുറന്നില്ല. പകരം അള്ളിപ്പിടിച്ചു വെന്റിലെട്ടരിലൂടെ തന്നെ അകത്തേയ്ക്ക് കയറാന്‍ തുടങ്ങി. അടഞ്ഞു കിടക്കുന്ന വാതില്‍ കണ്ടു നിരാശരായി ജിന്നുകള്‍ മടങ്ങിപ്പോകുമെന്നു പാവം വെറുതെ ആശിച്ചു.

അകത്തു കാത്തിരുന്നിരുന്ന ഉസ്താദിന് വാതിലിലെ തട്ടും മുട്ടും കേട്ടപ്പോള്‍ കാര്യം പിടികിട്ടി. വേഗം കട്ടിലിനടിയിലേക്കു ഒളിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതിനും മുന്‍പേ ചക്ക വെട്ടിയിടുന്ന പോലെ മുറിയില്‍ ഇരുമ്പന്‍ വന്നു വീണു. എഴുന്നേറ്റു നിന്നപ്പോള്‍ തൊട്ടു മുന്നില്‍  വിശ്വരൂപം പൂണ്ട് ജിന്ന്. പുറകില്‍ പുറത്തു നിന്നും തഴുതിട്ട വാതില്‍... ഇരുമ്പന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

കണ്ണും പൂട്ടി ഒരൊറ്റയടി. അലി നിലത്തു വീണു.

നിലത്തുവീണു കിടക്കുന്ന പ്രേതത്തിനുമേല്‍ അല്പം മുന്‍പ് ഗ്രൗണ്ടില്‍ കാഴ്ച വെച്ചതിനു സമാനമായ രണ്ടു തകര്‍പ്പന്‍ കിക്കുകള്‍ കൂടി... അതോടെ അലിയുടെ ഞരക്കം പോലും അവസാനിച്ചു.

വെന്റിലെട്ടരിലൂടെ പുറത്തു കടന്ന് ഇരുമ്പന്‍ കോറിഡോറിലൂടെ നെഞ്ചും വിരിച്ചു നടന്നു: 
"ഇനി ഒറിജിനല്‍ അലി വരട്ടെ!"

പിന്നീടൊരിക്കലും ഹോസ്റ്റലില്‍ പ്രേതശല്യം ഉണ്ടായതായി അറിവില്ല.....

My Photoഎഴുതിയത്  ഉബൈദ്‌ കെ കെ 

1:31 PM | 3 comments | Read More