സുഷിരത്തിലൂടെ നോക്കുമ്പോള്‍ ,,,

Written By മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് on Monday, July 16, 2012 | 1:54 PM


    ആരോ ഒടിച്ചുമടക്കി കെടുത്താതെ ഇട്ട സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി പിന്നതൊരു പാമ്പ്‌ ആയി വായുവിലെ കാണാ മാളത്തിലേക്ക് കയറിപ്പോയി .ടി വി ഓഫ്‌ ആയിരുന്നു.അതിന്‍റെ മുകളില്‍ പ്ലാസ്റ്റിക്‌ പൂക്കളും ഇലകളും ഒക്കെ നിറച്ച ഒരു പൂവട്ടി ഇരിപ്പുണ്ട് .പിന്നെ ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞ ഒരു ബ്രാ തൂങ്ങിക്കിടപ്പുണ്ട് ,ഇപ്പോള്‍ വീഴും എന്ന പാകത്തില്‍
                
                      ക്ലോക്ക് നടക്കുന്നുണ്ടായിരുന്നു ,പക്ഷെ തെറ്റായ സമയം കാണിച്ചു .വാള്‍ഹാങ്ങറില്‍ ഒരു ബെല്‍റ്റ്‌ കൊളുത്തിയിട്ടുണ്ട് .ടീപോയിയില്‍ വായിച്ചു മടക്കിയ ഒരു  പത്രം .അതിന്‍റെ മുകളില്‍ മറിഞ്ഞു പോയ ഒരു ചായക്കപ്പ് .ചായയുടെ തുള്ളികള്‍ പരന്നതിനാലാവാം ഒന്നോ രണ്ടോ ഈച്ചകള്‍ അതില്‍ വന്നിരിക്കുകയും പാറുകയും ചെയ്യുന്നു .

അകത്തെവിടെയോ പൈപ്പ് തുറന്നു കിടപ്പുണ്ട് .സിങ്കിലോ മറ്റോ വെള്ളം വീണു ചീറ്റിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാം .ഒരു പന്ത് ടി.വി വെച്ചിരിക്കുന്ന സ്ടാന്റിന്റെ  അരികില്‍  നില്‍ക്കണോ തിരിയണോ എന്ന ശങ്ക കൊണ്ടെന്ന പോലെ തന്റെ ചലനത്തിന്റെ അവസാനത്തെ അനക്കത്തില്‍ ,

                     ഒരു വരി കറുത്ത ഉറുമ്പുകള്‍ ഭിത്തിയുടെ താഴെ നിന്ന് വരി വെച്ച് മുകളിലേക്ക് കയറുന്നു .അവയുടെ ജാഥ അവസാനിക്കുന്നില്ല .നിലത്തു നിന്ന് മുകളിലേക്ക് വരച്ച വര എന്ന വണ്ണം അവ വീണ്ടും വീണ്ടും .. 

                " അലൈ പായുതേ കണ്ണാ :" മൊബൈല്‍ ഉച്ചത്തില്‍ മുഴങ്ങി ,ആരും എടുക്കാത്തത് കൊണ്ട് അത് കുറച്ചു മൂന്നു വരി പാടി  കട്ട് ആയി .പിന്നെയും അലൈ പായുതേ .കുറച്ചു നേരം കഴിഞ്ഞു  നിശബ്ദത .  
        
               പെട്ടെന്ന് കറന്റ്‌ വന്നു .പ്ണ്യൂം എന്നൊരു ശബ്ദമുണ്ടാക്കി ടി.വി ഓണായി .അതിന്‍റെ സ്ക്രീനില്‍ വെളുത്ത നിരവധി പുഴുക്കള്‍ .ഫാന്‍ വളരെ പ്രയാസപ്പെട്ടു കറങ്ങിത്തുടങ്ങി .മൈലാഞ്ചിയിട്ട മിഞ്ചിയണിഞ്ഞ വെളുത്ത കെടുമ്പിച്ച വിരലുകളോടെ രണ്ടു കാല്‍പ്പാദങ്ങള്‍ ആ ഫാനിനൊപ്പം  മുറി ചുറ്റാന്‍ തുടങ്ങി .
                     അടുത്ത  തവണ ഫാന്‍ തിരിഞ്ഞു വരാന്‍ ഒരു പാട്സമയമെടുത്തു ,കിര് കിര് എന്നാ ശബ്ദമുണ്ടാക്കി   അത് തിരിഞ്ഞു വന്നപ്പോള്‍ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തില്‍ മഞ്ഞ നിറത്തില്‍ കൊഴുത്ത തുടകള്‍ ,ആ തുടക്കാമ്പില്‍  ഒരു വലിയ മറുക് ,ഹാ ,ഒരു വലിയ കറുത്ത മറുക് !...
              



എഴുതിയത്....സിയാഫ്  അബ്ദുല്‍ ഖാദിര്‍ 
ബ്ലോഗ്‌ :http://karivandukal.blogspot.in/2011/11/blog-post.html


6 comments:

Akbar said...

സുഷിരത്തിലൂടെ കണ്ട കാഴ്ച ഞെട്ടിപ്പിച്ചു സിയാഫ്.

Joselet Joseph said...

ബ്ലോഗില്‍ വായിച്ചിരുന്നു. ആശംസകള്‍ സിയാഫ്‌

Anonymous said...

ആശംസകള്‍...

ഇലഞ്ഞിപൂക്കള്‍ said...

കഥ പറച്ചിലിന്‍റെ ഈ ശൈലി ഏറെ പുതുമയുണര്‍ത്തി. വളരെനന്നായെഴുതി.

ഉദയപ്രഭന്‍ said...

വോള്‍ട്ടേജ് കുറവാണല്ലേ. കഥ ഇഷ്ടമായി.

kochumol(കുങ്കുമം) said...

സുഷിരത്തിലൂടെ കണ്ട കാഴ്ച കൊള്ളാല്ലോ സിയഫിക്കാ ..

Post a Comment